തിരുവനന്തപുരം : വേളിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള വേളി മിനിയേച്ചർ ട്രെയിനും അർബൻ പാർക്കും പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ടൂറിസം ട്രെയിൻ പദ്ധതിക്കാണ് തുടക്കമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടൂറിസം ട്രെയിനാണിതെന്ന പ്രത്യേകതയുമുണ്ട്. പത്തു കോടി രൂപ ചെലവിലാണ് സംവിധാനം ഒരുക്കിയത്. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ. എസ്. ഇ. ബിക്ക് നൽകും.
ഒരേ സമയം 45 പേർക്ക് ട്രെയിനിൽ യാത്ര ചെയ്യാനാവും. പരമ്പരാഗത രീതിയിലുള്ള റെയിൽവേ സ്റ്റേഷനാണ് ഒരുക്കിയിട്ടുള്ളത്. ടണൽ, റെയിൽവേ പാലം എന്നിവയുമുണ്ട്. അറുപത് കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചത്. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ കേന്ദ്രം, കൺവെൻഷൻ സെന്റർ എന്നിവ സജ്ജമാകുന്നു.
വേളി ആർട്ട് കഫെ, അർബൻ വെറ്റ്ലാന്റ് നാച്വറൽ പാർക്ക് എന്നിവ വേളിയുടെ മുഖഛായ മാറ്റും. 2.47 കോടി രൂപ ചെലവഴിച്ചാണ് വേളിയിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയിരിക്കുന്നത്. ആംഫി തിയേറ്റർ, നടപ്പാത, അലങ്കാരവിളക്കുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
വേളി ടൂറിസ്റ്റ് വില്ലേജിന് എതിർവശത്താണ് 3.60 കോടി രൂപ ചെലവിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ കേന്ദ്രം ഒരുക്കുന്നത്. ഇത് ഡിസംബറിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് സമീപത്തായാണ് കൺവെൻഷൻ സെന്റർ നിർമിക്കുന്നത്. ആർട്ട് കഫേയ്ക്ക് 9.50 കോടി രൂപയാണ് ചെലവ്.
ഫോട്ടോഗ്രഫി, ചിത്രരചന, ശിൽപം, ഇൻസ്റ്റലേഷനുകൾ എന്നിവ ആർട്ട് ഗാലറിയിലുണ്ടാവും. വിർച്വൽ റിയാലിറ്റി പ്രദർശന ഹാൾ ആണ് മറ്റൊരു പ്രത്യേകത. ഇവിടെ ഡിജിറ്റൽ ഡിസ്പ്ലെ ഹാൾ, ഓപ്പൺ എയർ തിയേറ്റർ എന്നിവയുമുണ്ടാവും.
മൂന്നു വർഷം മുമ്പ് തകർന്ന് നാശാവസ്ഥയി ലായിരുന്ന കാനായി കുഞ്ഞിരാമൻ നിർമിച്ച ശംഖിന്റെ ശിൽപം 61 ലക്ഷം രൂപ മുടക്കി സർക്കാർ നവീകരിച്ചിരുന്നു. 29 ലക്ഷം രൂപ മുടക്കി 37 യൂണിറ്റ് സൗരോർജ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.