ദേശീയ ജലപാത വികസന പദ്ധതിയുടെ ഭാഗമായ പാര്‍വതീപുത്തനാര്‍ കടന്ന് പോകുന്ന വേളി മുതല്‍ പള്ളിത്തുറ വരെയുള്ള ഭാഗത്തിന്റെ നവീകര ണോദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍. എ നിര്‍വഹിച്ചു.
വേളി കായല്‍ മുതല്‍ പള്ളിത്തുറ പാലം വരെയുള്ള നാല് കിലോമീറ്റര്‍ ദൂരം 25 മീറ്റര്‍ വീതിയില്‍ ആഴം കൂട്ടി ജലഗതാഗതത്തിന് അനുയോജ്യമാകുന്ന തരത്തില്‍ നവീകരിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. അഞ്ച് കോടി രൂപയാണ് പദ്ധതിചെലവ്.
കേരളത്തിന്റെ വികസന രംഗത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന കോവളം- ബേക്കല്‍ ജലപാത, മൂന്ന് ഘട്ടങ്ങളായാണ് യഥാര്‍ഥ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ ജലപാത കടന്നു പോകുന്ന നദികള്‍, കായലുകള്‍ ,കനാലുകള്‍ എന്നിവ ശുചീകരിച്ച് ഗതാഗത യോഗ്യമാക്കും. രണ്ടാം ഘട്ടത്തില്‍ വീതി കൂട്ടല്‍, ആഴം കൂട്ടല്‍, പാലം നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയവയും നടക്കും. അവസാന ഘട്ടത്തില്‍ ബോട്ട് ജെട്ടി നിര്‍മ്മാണമാണ്.
പദ്ധതിയുടെ ഭാഗമായി കഴകൂട്ടം മണ്ഡലത്തിലെ പനത്തുറ, പുത്തന്‍പാലം, സെന്റ് ആന്‍ഡ്രൂസ്, കരിക്കകം എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കോവളം മുതല്‍ വര്‍ക്കല വരെയുള്ള ഭാഗത്തു നിന്നും പുനരധിവസിപ്പിക്കുന്നവര്‍ക്ക് 214 കോടി രൂപയുടെ പുനരധിവാസ പാക്കേജ് കിഫ്ബിവഴി നല്‍കും.
സ്റ്റേഷന്‍കടവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എം. എല്‍. എ നേരിട്ട് വിലയിരുത്തി. ഇവിടെ നിന്നും ശേഖരിക്കുന്ന മണല്‍, ടെക്നോസിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. 2025- ല്‍ ദേശീയ ജലപാത ഉദ്ഘാടനത്തിന് സജ്ജമാകുന്ന തരത്തിലാണ് നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.