ആലപ്പുഴ: കായംകുളം വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. അതിനിടെ കോളേജിനെതിരെ ഉണ്ടായ അക്രമം രാഷ്ട്രീയമായി നേരിടാനുള്ള ശ്രമം മാനേജ്‌മെന്റ് തുടങ്ങി. ബിഡിജെ എസ്സിനോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് സിപിഎം, എസ്എഫ്‌ഐയെ ഇറക്കി കോളേജ് അടിച്ച് തകര്‍ത്തതെന്ന് ബിജെപി ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി കോളേജിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കായംകുളം വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ആത്മഹത്യ ശ്രമത്തിനുള്ള സാഹചര്യം, പൊലീസ് വീഴ്ചകള്‍, കോളേജ് അടിച്ച് തകര്‍ത്ത സംഭവം ഉള്‍പ്പടെ െ്രെകം ബ്രാഞ്ച് പരിശോധിക്കും. സംഭവത്തില്‍ കേസെടുത്തെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കില്ലെന്നാണ് സൂചന. കോളേജ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സെക്രട്ടറി വിജിന്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന മുന്നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിനെതിരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. തല്‍ക്കാലം എസ്എഫ്‌ഐ സമരത്തില്‍ നേരിട്ട് ഇടപെടേണ്ടെന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം.