ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചു. തിരുവനന്തപരം സ്വദേശി ആര്‍ഷ് ആണ് കൈയ്യുടെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഭക്ഷണം കഴിക്കാന്‍ പുറത്തെ ഹോട്ടലില്‍ പോയതിന് വിദ്യാര്‍ഥികളോട് കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ വിശദീകരണം ചോദിച്ചിരുന്നു. മാത്രമല്ല മാനേജ്മെന്റും അധ്യാപകരും നിരന്തരം പീഡിപ്പിച്ചിരുന്നതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു . ഇതാണ് ആത്മഹത്യാ ശ്രമത്തിന് കാരണം . സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ കോളേജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ കോളേജ് അടിച്ച് തകർത്തു. ഇന്നലെ രാത്രിയിലാണ് രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി കറ്റാനം വെള്ളാപ്പള്ളി നടേശൻ എഞ്ചിനിയറിംഗ് കോളജിന്റെ ഹോസ്റ്റലില്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രക്തം വാര്‍ന്നുതുടങ്ങിയപ്പോള്‍ തൂങ്ങിമരിക്കാനും ശ്രമംനടത്തി. ഇത് സഹപാഠികള്‍ കണ്ടെതിനാല്‍ ദുരന്തം ഒഴിവായി. ഉടന്‍തന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദ്യാര്‍ഥി അപകടനില തരണം ചെയ്തിട്ടുണ്ട്. ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ പുറത്തുപോയി ഭക്ഷണം കഴിച്ചതിന് മാനേജ്മെന്‍റ് താക്കീത് നല്‍കിയിരുന്നു. മാത്രമല്ല വിദ്യാര്‍ഥികളുടെ വീട്ടില്‍ ഇക്കാര്യം വിളിച്ചറിയിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു രണ്ടാംവര്‍ഷക്കാരന്റെ ആത്മഹത്യാ ശ്രമം. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കോളജിലെത്തി വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു. എന്നാല്‍ കുട്ടികള്‍ തെറ്റുചെയ്താല്‍ അത് വീട്ടില്‍ വിളിച്ചറിയിക്കാനുള്ള തീരുമാനം പിടിഎ കൈക്കൊണ്ടിട്ടുണ്ടെന്നാണ് മാനേജ്മെന്‍റിന്റെ വിശദീകരണം.