വെള്ളായണി കാര്‍ഷിക കോളേജില്‍ ജൈവവള പരിശോധനയ്ക്കായി പുതിയ ലബോറട്ടറി

10

സര്‍ക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജ് മണ്ണ് ശാസ്ത്ര വിഭാഗത്തില്‍ സ്ഥാപിച്ച ജൈവവള ഗുണനിലവാര പരിശോധനാ റഫറല്‍ ലബോറട്ടറി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജൈവവള മേഖലയിലെ തട്ടിപ്പുകള്‍ തടയുന്നതിനും കര്‍ഷകരും ഗുണഭോക്താക്കളും വഞ്ചിതരാകാതിരിക്കാനും ഇത്തരം ലബോറട്ടറികളുടെ പ്രവര്‍ത്തനം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

ജൈവ കാര്‍ഷിക മിഷന്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ലബോറട്ടറികളുടെ സേവനം സാധരണക്കാര്‍ക്കും വ്യാപകമായി പ്രയോജനപ്പെടുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കോളേജിലെ തേന്‍ ഗുണനിലവാര പരിശോധന കേന്ദ്രം, സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ജൈവവളങ്ങള്‍ പരിശോധിച്ച് അവയുടെ ഗുണനിലവാരം, മായം കലര്‍ത്തല്‍ എന്നിവ കണ്ടെത്തുന്നതിനും മണ്ണ്, ജലസേചനത്തിനുള്ള വെള്ളം ഇവ പരിശോധിച്ച് പോഷകമൂലകങ്ങള്‍, മലിനീകരണ തോത് എന്നിവ നിര്‍ണയിക്കുന്നതിനുള്ള സംവിധാനങ്ങളും ലബോറട്ടറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കും ഉത്പാദകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലബോറട്ടറിയുടെ പ്രവര്‍ത്തനം പ്രയോജനകരമാകും. 2.79 കോടി രൂപ ചെലവഴിച്ചാണ് ലബോറട്ടറി സജ്ജീകരിച്ചത്.

രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ധനസഹായത്തോടെ, 2.65 കോടി രൂപ ചെലവിലാണ് തേന്‍ഗുണനിലവാര പരിശോധന കേന്ദ്രം നിര്‍മിച്ചത്. തേനീച്ച കര്‍ഷകര്‍, സ്ഥാപനങ്ങള്‍, വ്യവസായ സംഘടനകള്‍ എന്നിവര്‍ക്ക് ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ച് തേനിന്റെ ഗുണനിലവാര പരിശോധന നടത്തി സാക്ഷ്യപ്പെടുത്തി നല്‍കും.

ഗവേഷണ വികസനത്തിനും ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുമായി ആരംഭിച്ച സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ലബോറട്ടറിയ്ക്കായി, ദക്ഷിണമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സ്റ്റേഷന്‍ വൈസ് ഫണ്ടിംഗ്-സ്ട്രെങ്തനിംഗ് ഓഫ് റിസര്‍ച്ച് ഫണ്ടില്‍ നിന്നും 85 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മണ്ണ്, ജലം, സസ്യകലകള്‍, കോശങ്ങള്‍, സൂക്ഷ്മജീവികള്‍ എന്നിവ പരിശോധിച്ച് അപഗ്രഥനം നടത്തുന്നതിനായി ആര്‍.ടി-പിസിആര്‍, ഇന്‍വര്‍ട്ടഡ് മൈക്രോസ്‌കോപ്പ്, വാട്ടര്‍ ക്വാളിറ്റി അനലൈസര്‍, നാനോഡ്രോപ്പ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ചന്തുകൃഷ്ണ അധ്യക്ഷനായ ചടങ്ങില്‍ വിവിധ ജനപ്രതിനിധികള്‍, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.അശോക്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ അഞ്ചു കെ.എസ് എന്നിവരും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY