ന്യൂഡല്‍ഹി: മുസ്ലീം വ്യക്തിനിയമബോർഡ് രാഷ്ട്രീയം കളിക്കുന്നുവെന്ന് കേന്ദ്രവാർത്തവിതരണമന്ത്രി വെങ്കയ്യനായിഡു ആരോപിച്ചു. ഏകീകൃതസിവിൽ നിയമം സംബന്ധിച്ച് നിയമകമ്മീഷന്റെ ചോദ്യാവലി ബഹിഷ്ക്കരിക്കുമെന്ന് ബോർഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു.ഏകീകൃതസിവിൽ നിയമം, മുത്തലാഖ് എന്നീ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാരിന് ഏകപക്ഷീയമായ നിലപാടാണെന്ന് മുസ്ലീം വ്യക്തി നിയമബോർഡ് ആരോപിച്ചിരുന്നു. ന്യൂനപക്ഷസമുദായങ്ങൾക്കെതിരെയുള്ള നീക്കമാണിതെന്നും ഏകീകൃതസിവിൽ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച നിയമകമ്മീഷൻ പുറപ്പെടുവിച്ച ചോദ്യാവലി ബഹിഷ്ക്കരിക്കുമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സർക്കാരല്ല മുസ്ലീം വ്യക്തിനിയമബോർഡാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് കേന്ദ്രസർക്കാർ ആരോപിച്ചു. രാജ്യത്തെ മുഴുവൻ വ്യക്തികൾക്കും ഒരു നിയമം വേണമെന്ന കാഴ്ചപ്പാടോടെയാണ് നിയമകമ്മീഷൻ അഭിപ്രായം തേടിയതെന്ന് കേന്ദ്രവാർത്തവിതരണമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. മറ്റ് വിഷയങ്ങൾ പറഞ്ഞ് ശ്രദ്ധ തിരിച്ച് വിടാനാണ് ബോർഡ് ശ്രമിക്കുന്നത്. രാഷ്ട്രീയചർച്ചയായി ഇതിനെ മാറ്റുകയാണ്. മുത്തലാഖിനെതിരെ പൊതു വികാരമാണ് രാജ്യത്തുള്ളതെന്നും സമവായത്തിന്റെ അടിസ്ഥാനത്തിലെ ഏകികൃതസിവിൽ നിയമം നടപ്പിലാക്കൂവെന്നും നായിഡു വ്യക്തമാക്കി.മുസ്ലീം വ്യക്തിനിയമബോർഡ് ബഹിഷ്ക്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രനിയമകമ്മീഷനും അറിയിച്ചു.