അടൂര്‍: ക്ഷേത്രങ്ങളില്‍ എല്ലാ മതവിഭാഗക്കാര്‍ക്കും പ്രവേശിക്കാമെന്ന് വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍ കുമാര്‍. ഹൈന്ദവ ക്ഷേത്രങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കത്തക്കവിധം എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നാണ് എസ്.ജെ.ആര്‍ കുമാര്‍ പറഞ്ഞു. 2015-16 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് പല സ്ഥലത്തും ശ്രീകൃഷ്ണജയന്തി ശോഭായാത്ര തടസ്സപ്പെടുത്താനും ചിലയിടങ്ങളില്‍ അക്രമങ്ങള്‍ നടത്താനും സി.പി.എം ശ്രമിച്ചു. ജൂലൈയില്‍ തന്നെ കണ്ണൂര്‍ ജില്ലയിലെ ശോഭായാത്ര നടത്തിപ്പിന് എല്ലാ സ്ഥലങ്ങളിലും പോലീസ് അനുമതിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ശ്രീകൃഷ്ണ ജയന്തി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനും കഴിഞ്ഞില്ല. അതിനാല്‍ ഇതുമായി ബന്ധമില്ലാത്ത പരിപാടികള്‍ ആ ദിവസത്തില്‍ നിന്ന് മാറ്റിവെക്കണമെന്ന് എസ്.ജെ.ആര്‍ കുമാര്‍ ആവശ്യപ്പെട്ടു. ഹൈന്ദവ ആചാരാനുഷ്ഠാനഭാഗമായി പതിറ്റാണ്ടുകളായി ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് നടക്കുന്ന ശോഭായാത്ര തടസ്സപ്പെടുത്തുന്നത് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള പദ്ധതിയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.