കാസർഗോഡ് – കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഓരോ വാര്‍ഡിലും നടക്കുന്ന കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ മാത്രം നടത്തണം. കല്യാണത്തിന് പരമാവധി 50 പേരെയും മറ്റ് ചടങ്ങുകളില്‍ പരമാവധി 20 പേരെയും മാത്രമേ പങ്കെടുപ്പിക്കാവു എന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടകള്‍ അടപ്പിക്കുമ്പോള്‍ പ്രദേശത്തെ വ്യാപാരി കളുമായി ആശയവിനിമയം നടത്തി ജനാധിപത്യപരമായി മാത്രമേ തിരുമാനം എടുക്കാവു.
ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരുന്നതിന് ജില്ലയില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ ഉപാധികളോടെ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് ആര്‍ ടി ഒയുടെ പാസ് നിര്‍ബന്ധമാണ്. ഈ വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഏതെല്ലാം കടകളിലാണ് വിതരണം ചെയ്തതെന്ന കൃത്യമായ വിവരം വാഹനത്തിലെ ജീവനക്കാര്‍ സൂക്ഷിക്കണം. വാഹനത്തിലെ ഡ്രൈവറും, ക്ലീനറും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. കര്‍ണ്ണാടകയിലേക്ക് പോയി വരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ ഏഴ് ദിവസം കൂടുമ്പോള്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം. ഇത്തരം വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ആവശ്യമായ ക്രമീകരണം നടത്തണം.
ജനജാഗ്രതാ സമിതികളുടെ സഹായത്തിനായി കൂടുതല്‍ വോളണ്ടിയര്‍മാര്‍
ജില്ലയിലെ ക്ലസ്റ്ററുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ മുഴുവന്‍ അടച്ചിടണം. ഈ പ്രദേശത്തിനകത്തേക്കും പുറത്തേക്കും വാഹന ഗതാഗതം അനുവദിക്കില്ല.
ഓരോ വാര്‍ഡിലും ജനജാഗ്രതാ സമിതികളുടെ സഹായത്തിനായി 25 നും 35 നുമിടയിലുള്ള വോളണ്ടിയര്‍മാരെ കണ്ടെത്തും. ഇവര്‍ക്ക് മുന്‍സിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പാസ് അനുവദിക്കും. നിലവില്‍ സി എഫ് എല്‍ ടി സികള്‍ ഇല്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി എഫ് എല്‍ ടി സികളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിഭവസമാഹരണത്തിനും സന്നദ്ധ സേവനത്തിനും സഹായിക്കണമെന്നും മന്ത്രി പറഞ്ഞു. കോ വിഡ് 19 ന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തുന്ന ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തനം തുടരണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി ശില്‍പ എന്നിവര്‍ സംബന്ധിച്ചു.
തീരദേശ മേഖലയില്‍ മൂന്ന് മിനി സി എഫ് എല്‍ ടി സികള്‍
തീരദേശ മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രദേശങ്ങളെ രണ്ട് ക്ലസ്റ്ററ്ററുകളാക്കി തിരിച്ച് മൂന്ന് മിനി സി എഫ് എല്‍ ടി സികള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.