കാസറകോട് : ദേശീയ പാതയിലെ റോഡ് അപകടങ്ങള്‍ കുറക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ കരുതല്‍. റോഡ് സേഫ്റ്റി കൗണ്‍സില്‍ നിര്‍ദ്ദേശിച്ച ദേശീയ പാത 66, കെ.എസ്.ടി.പി റോഡ് , എന്നിവിടങ്ങളിലെ 15 ബ്ലാക്ക് സ്‌പോട്ടുകളില്‍ വിദ്യാനഗര്‍ മാതൃകയില്‍ സൗജന്യ ചായ, കാപ്പി, കുടിവെള്ള കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. ഈ പതിനഞ്ച് ഇടങ്ങളിലായി 2016-18 വര്‍ഷത്തിനിടയില്‍ 215 റോഡ് അപകടങ്ങളും 58 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്..
രാത്രികാലങ്ങളില്‍ ഉണ്ടാവുന്ന ഈ അപകടങ്ങള്‍ കുറക്കുന്നതിനും യാത്രികര്‍ക്ക് ഉന്‍മേഷം പകരുന്നതിനുമാണ് ജില്ലാ ഭരണകൂടം സൗജന്യകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഹിദായത്ത് നഗര്‍, (മഞ്ചേശ്വരം) ഉദുമ ലളിത് റിസോര്‍ട്ട്, ഐങ്ങോത്ത്, പൊയ്‌നാച്ചി, പാലക്കുന്ന്, കുഞ്ചത്തൂര്‍ മാട, ഉപ്പള ഗേറ്റ്, പെരിയ ബസാര്‍, ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപം, തൃക്കണ്ണാട്, കരുവാച്ചേരി, മംഗല്‍പാടി, ഹൊസങ്കടി വാമഞ്ചൂര്‍, ചെര്‍ക്കള, നീലേശ്വരം എന്നിവിടങ്ങളിലാണ് ബൂത്തുകള്‍ സ്ഥാപിക്കുക.
രാത്രിയില്‍ യാത്രചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം. ബൂത്തുകള്‍ സ്ഥാപിക്കാന്‍ താത്പര്യമുള്ള സന്നദ്ധ സംഘടനകളോ സാംസ്‌കാരിക സ്ഥാപനങ്ങളോ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് 04994255833, 9447726900