ജൈനസമാജത്തിന്റെ ആചാര്യന്‍ വിദ്യാനന്ദ് മുനി മഹാരാജ് നിര്‍വാണം പൂകി.

180

ന്യൂഡല്‍ഹി: പണ്ഡിതനും ചിന്തകനും താത്ത്വികാചാര്യനും എഴുത്തുകാരനുമായിരുന്ന ജൈനസമാജത്തിന്റെ ആചാര്യന്‍ വിദ്യാനന്ദ് മുനി മഹാരാജ് നിര്‍വാണം പൂകി. ജൈനസമൂഹത്തിന്റെ ആധ്യാത്മികാചാര്യനായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ജൈനകേന്ദ്രമായ കുന്ദകുന്ദ ഭാരതിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 2.40-നായിരുന്നു ദേഹംവെടിഞ്ഞത്. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. 95 വയസ്സായിരുന്നു. ഇവിടെ അന്ത്യദര്‍ശനത്തിനുവെച്ച മൃതശരീരത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വിശ്വാസികളും അനുയായികളും പ്രവഹിച്ചു.

ഈമാസം 19-ന്‌ രാവിലെമുതല്‍ നാലുതരം ഭക്ഷണം ഉപേക്ഷിച്ച വിദ്യാനന്ദ്, സ്വയംസമാധിയിലേക്കുനീങ്ങുന്ന യമ സല്ലേഖന സ്വീകരിച്ചിരുന്നു. 1925 ഏപ്രില്‍ 22-ന്‌ കര്‍ണാടകയിലെ ഷെഡ്വാള്‍ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന്‌ മറാഠി, കന്നഡ ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്നു. ജൈനമതസ്ഥാപകന്‍ വര്‍ദ്ധമാന മഹാവീരന്റെ 2500-ാമത് നിര്‍വാണ ആഘോഷങ്ങളും 1980-ല്‍ കര്‍ണാടകയിലെ ഗോമടേശ്വറില്‍ ബാഹുബലിയുടെ നൂറാം വാര്‍ഷികവും സംഘടിപ്പിച്ചത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. വിദ്യാനന്ദ് മുനി മഹാരാജ് നിര്‍വാണമടഞ്ഞതോടെ മഹത്തായ ഒരുകാലഘട്ടമാണ് അവസാനിച്ചതെന്ന് ആചാര്യന്‍ മഹാശ്രമന്‍ജി സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ആചാര്യന്‍ ജൈനസമൂഹത്തിന്റെ മാത്രമല്ല, മുഴുവന്‍ ജനങ്ങളുടെയും ആധ്യാത്മികാചാര്യനായിരുന്നുവെന്ന് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍വാണം രാജ്യത്തിന്‌ തീരാനഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

NO COMMENTS