തൃശ്ശൂര്‍: കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയില്‍ മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണനടക്കം എട്ടു പേരെ പ്രതിച്ചേര്‍ത്ത് വിജിലന്‍സ് എഫ്.ഐ.ആര്‍. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് എഫ്.ഐ.ആര്‍ നല്‍കിയത്. വിദേശമദ്യം വാങ്ങിയതിലെ ക്രമക്കേടിലാണ് എട്ടുപേരെ പ്രതിചേര്‍ത്തിരിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള മദ്യ വിതരണ ഷോപ്പുകളില്‍ വിദേശ മദ്യം ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന പരാതി മാസങ്ങള്‍ക്ക് മുമ്ബാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി പരിഗണിച്ചത്. പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഉത്തരവിട്ട കോടതി സി.എന്‍.ബാലകൃഷ്ണനടക്കമുള്ളവരെ പ്രതിച്ചേര്‍ക്കണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ സി.എന്‍.ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
തുടര്‍ന്നാണ് ഇന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഇവരെ പ്രതിയാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.