കൈക്കൂലി വാങ്ങിയ കേസ്സില്‍ സര്‍വ്വേ വകുപ്പ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി

182

കൈക്കൂലി വാങ്ങിയ കേസ്സില്‍ സര്‍വ്വേ വകുപ്പ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടി. ഇടുക്കി ജില്ലാ സര്‍വ്വേ സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരന്‍ (ഡ്രാഫ്റ്റ്സ്മാന്‍) കെ.വി. ഷാനെയാണ് അറസ്റ്റു ചെയ്തത്. ഇടുക്കി കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സര്‍വ്വേ സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനാണ് കെ.വി.ഷാന്‍. നെറ്റിത്തൊഴു സ്വദേശിയായ ചക്കാലക്കല്‍ മാത്യുവില്‍ നിന്നാണ് ഷാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയത്. മാത്യുവിന്റെ സ്ഥലം റീസര്‍വ്വേ ചെയ്യുന്നതുമായി ബന്ധപ്പെട്ട സര്‍വ്വേ ഓഫീസില്‍ നല്‍കിയ ഫയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി തിരികെ ലഭിക്കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് മാത്യു ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. 27ന് പണവുമായി എത്താമെന്ന് മാത്യു ഉദ്യോഗസ്ഥനോട് അറിയിച്ചു. വിജിലന്‍സ് നല്‍കിയ പണവുമായി മാത്യു എത്തിയപ്പോള്‍ കളക്ട്രേറ്റിനു സമീപത്ത് പഴയ സര്‍വ്വേ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ കാത്തു നില്‍ക്കാന്‍ പറഞ്ഞു. സര്‍വ്വേ സൂപ്രണ്ട് ഓഫീസില്‍ നിന്നുമെടുത്ത ഫയല്‍ അവിടെ വച്ച് മാത്യുവിന് കൈമാറിയ ശേഷം ഷാന്‍ പണം വാങ്ങി. ഇതിനു ശേഷം ഓഫീസിലേക്ക് വരുമ്പോഴാണ് വിജിലന്‍സ് സംഘം ഷാനെ പിടികൂടിയത്. ഈ സമയം മാത്യുവിന് കൈമാറിയ ഫയലിന്റെ കോപ്പിയും ഷാന്‍റെ കൈവശമുണ്ടായിരുന്നു. രാസ പരിശോധനയില്‍ ഇയാളുടെ കൈയ്യിലും പോക്കറ്റിലും ഫിനോള്‍ഫതലിന്റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്തു.

NO COMMENTS

LEAVE A REPLY