സിഡ്കോയിലെ അനധികൃത നിയമനം; സൂരജ് ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

233

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ സിഡ്കോയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മാനേജര്‍മാരെ നിയമിച്ച കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ഒ.സൂരജ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സിഡ്കോ മുന്‍ എം.ഡി സജി ബഷീര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ കേസെടുക്കാനായിരുന്നു വിജിലന്‍സ് ശുപാര്‍ശ. എന്നാല്‍ പരാതിയിലുള്ള എല്ലാവര്‍ക്കും എതിരെ കേസെടുക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചു. ഏഴ് തസ്തികകള്‍ ഉള്ളിടത്ത് 23 മാനേജര്‍ തസ്തികകള്‍ ഉണ്ടാക്കിയെന്നാണ് കേസ്. സിഡ്കോയില്‍ അഞ്ച് മാനേജര്‍മാരുടെ തസ്തിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവ് മറിടകന്ന് ഏഴു തസ്തികയിലേക്ക് സിഡ്കോ വിജ്ഞാപനമിറക്കി. പക്ഷെ അഭിമുഖം നടത്തിയ നിയമിച്ചത് 23 മാനേജര്‍മാരെയും. സര്‍ക്കാരിന്റെ അനുമതിയില്ലാതെയായിരുന്നു 18 മാനേജര്‍മാരുടെ നിയമനം. ഇതേ കുറിച്ചുള്ള പരാതിയില്‍ ത്വരിതാന്വേഷണം നടത്തിയ വിജിലന്‍സ് എസ്‌പി സുകേശന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. മുന്‍ എംഡി സജി ബഷീര്‍, വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി.കാസിം എന്നിവര്‍ക്കെതിരെ കേസെടുക്കാനായിരുന്നു സുകേശന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കോടതി അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ലെന്നും ആരോപണമുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കാനും തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചു. വ്യവസായ ഡയറക്ടറായി ടി.ഒ.സൂരജ്, അഡീഷണല്‍ സെക്രട്ടറി പി.എ.ഇസഹാക്ക്, സജി ബഷീര്‍, പി,സി.കാസിം എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം. സിഡ്ക്കോയിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ ഇതിനകം പ്രതിയാവുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന വ്യക്തിയാണ് മുന്‍ എംഡി സജീ ബഷീര്‍.

NO COMMENTS

LEAVE A REPLY