കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീ.ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ 11 മണിയോടെയാണ് ടോം ജോസ് വിജിലന്‍സ് ഓഫീസിലെത്തിയത്. രണ്ട് കോടി രൂപയുടെ അനിധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ടോം ജോസിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നു വരികയായിരുന്നു. 2010 ല്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്താണ് ടോം ജോസ് മഹാരാഷ്ട്രയില്‍ 48 ഏക്കര്‍ ഭൂമി വാങ്ങിയത്.മഹാരാഷ്ട്രയിലെ ഭൂമി വാങ്ങാന്‍ സുഹൃത്തായ ഡോ. അനിത ജോസാണ് ഒരു കോടിയിലേറെ സാമ്പത്തിക സഹായം നല്‍കിയതെന്ന് ടോം ജോസ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെ അറിയിക്കാതെ എസ്റ്റേറ്റ് വാങ്ങിയതിന് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസില്‍നിന്ന് വിശദീകരണം തേടിയിരുന്നു. 1984 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥാനായ ടോം ജോസിന്റെ 2010-16 കാലയളവിലെ സമ്പാദ്യമാണ് വിജിലന്‍സ് പരിശോധിച്ചത്. ഇക്കാലയളവില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്ത അദ്ദേഹം 2.39 കോടിയുടെ സ്വത്ത് സമ്പാദിച്ചതായും 72.2 ലക്ഷം രൂപ ചെലവഴിച്ചതായും മുവാറ്റുപ്പുഴ കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.