സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

213

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കോഴിക്കോട് ചെമ്ബനോട വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ ഭൂനികുതി സ്വീകരിക്കാന്‍ തയാറാകാത്തതിനാലാണ് തോമസ് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. വിവാദങ്ങള്‍ക്ക് തുടക്കമിട്ട കോഴിക്കോട് ചെമ്ബനോട വില്ലേജ് ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി. വില്ലേജ് ഓഫിസിലെ ഫയലുകള്‍ സീല്‍ ചെയ്തു. ക്രമക്കേട് കണ്ടെത്തിയാല്‍ ശക്തമായ നടപടിയെടുക്കാനാണ് നീക്കം.

വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് ഡിവൈഎസ്പിയാണ് പരിശോധന നടത്തിയത്. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുന്നതിന് റവന്യു വകുപ്പ് സെക്രട്ടറി പി.എച്ച്‌. കുര്യന്‍ ശനിയാഴ്ച ചെമ്ബനോട വില്ലേജ് ഓഫിസിലെത്തുന്നുണ്ട്. ആറുമാസം മുമ്ബ് ഓരോ വകുപ്പുകളിലെയും അഴിമതിയുടെ തോത് അക്കമിട്ടു നിരത്തി വിജിലന്‍സ് പുറത്തിറക്കിയ അഴിമതി സൂചികയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന വകുപ്പുകളില്‍ രണ്ടാം സ്ഥാനം റവന്യു വകുപ്പിനായിരുന്നു. സൂചിക പുറത്തുവന്ന് രണ്ടു മാസം പിന്നിട്ടപ്പോള്‍, അഴിമതി തടയണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഇറക്കിയ ഒരു സര്‍ക്കുലര്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ടുണ്ടായ ഏക നടപടി.

NO COMMENTS