തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തു. ഇദ്ദേഹത്തിന്‍റെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയാണ്. എറണാകുളത്തെ വീട്ടിലും റെയ്ഡ് നടത്താനെത്തിയെങ്കിലും വീട്ടില്‍ ആരുമില്ലാത്തതിനാല്‍ റെയ്ഡ് നടത്താന്‍ സാധിച്ചിട്ടില്ല. രാവിലെ ആറു മണിക്കാണ് റെയ്ഡ് തുടങ്ങിയത്. ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കുകയും റെയ്ഡിന് അനുമതി വാങ്ങുകയും ചെയ്തത്.
കെ.എം.എം.എല്‍. എം.ഡി. ആയിരിക്കെ ടോം ജോസ് നടത്തിയ മഗ്നീഷ്യം ഇടപാടിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലും വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.പ്രാദേശിക വിപണിയില്‍ 1.87 കോടി രൂപയ്ക്ക് ലഭിക്കുന്ന അതേഗുണനിലവാരമുള്ള മഗ്നീഷ്യം വിദേശത്തുനിന്നു 2.62 കോടി രൂപയ്ക്ക് വാങ്ങി. ഇത്തരത്തില്‍ 162 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തു. ഇതിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കെ.എം.എം.എല്ലിലെ രണ്ട് ഉന്നതഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്.