കോട്ടയം: മുന്‍ മന്ത്രി കെ.എം. മാണി അനധികൃതമായി നികുതിയിളവ് നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന സൂപ്പര്‍ പിഗ്മെന്‍റ്സ് എന്ന സ്ഥാപനത്തിലും ഉടമസ്ഥന്‍റെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി. വിജിലന്‍സ് കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പി: എസ്. അശോക് കുമാറിന്‍റെ നേതൃത്വത്തിലാണ് കുറിച്ചിയിലെ യൂണിറ്റില്‍ പരിശോധന നടത്തിയത്. ഇവിടെനിന്നു വിവിധ രേഖകള്‍ പിടിച്ചെടുത്തു. ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലെഡ് ഓക്സൈഡ് ഉണ്ടാക്കുന്ന കന്പനിയാണ് സൂപ്പര്‍ പിഗ്മെന്‍റ്സ്. ഈ യൂണിറ്റിനു മുന്‍കാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്തു ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നുള്ള പരാതിയില്‍ കെ.എം. മാണിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.സൂപ്പര്‍ പിഗ്മെന്‍റ്സ് ഉടമ ബെന്നി ഏബ്രഹാമിനെ വഴിവിട്ട് സഹായിച്ചതിലൂടെ 1.66 കോടി രൂപ ഖജനാവിനു നഷ്ടമുണ്ടാക്കിയതായാണു പരാതി. ബെന്നി ഏബ്രഹാമിന്‍റെ വീട്ടിലും വിജിലന്‍സ് അധികൃതര്‍ പരിശോധന നടത്തി. കെ.എം. മാണി 2013-14 ല്‍ അവതിരിപ്പിച്ച ബജറ്റില്‍ സൂപ്പര്‍ പിഗ്മെന്‍റ്സ് കന്പനിക്കു നികുതി മുന്‍കാല പ്രാബല്യത്തോടെ അഞ്ചു ശതമാനമാക്കി കുറച്ചുവെന്നാണ് പരാതി. അനധികൃതമായി നികുതിയിളവ് നല്‍കിയതിലൂടെ ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടായതായി പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണു വിശദമായ അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചതെന്നു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായാണ് ഇന്നലെ സ്ഥാപനത്തിലും ഉടമസ്ഥന്‍റെ വീട്ടിലും പരിശോധന നടത്തിയത്. കേസില്‍ ബെന്നി ഏബ്രഹാമും പ്രതിയാണ്.