ന്യൂഡല്‍ഹി • രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യ സ്വത്തുവിവരങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ലെന്നു ബാങ്കുകള്‍ സുപ്രീംകോടതിയെ അറിയിച്ചു. മല്യ മനഃപൂര്‍വം സ്വത്തുവിവരങ്ങള്‍ മറച്ചുവയ്ക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രിട്ടീഷ് കമ്ബനിയില്‍നിന്നും ലഭിച്ച 40 മില്യന്‍ ഡോളറടക്കമുള്ള സ്വത്തുവിവരങ്ങള്‍ പൂര്‍ണമായും മല്യ വെളിപ്പെടുത്തിയിട്ടില്ലെന്നും എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കോടതിയെ അറിയിച്ചു.
അറ്റോര്‍ണി ജനറല്‍ മുകുല്‍ റോഹ്തഗിയാണ് ബാങ്കുകള്‍ക്കായി സുപ്രീംകോടതി മുന്‍പാകെ ഹാജരായത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കോടതിക്കുമുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് മല്യയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ മല്യ ഇതുവരെ അതിനു തയാറായിട്ടില്ല. ഇതു കോടതിയെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്നും മല്യയെ ഒഴിവാക്കിയിട്ടില്ലെന്നും മുകുല്‍ റോഹ്തഗി വ്യക്തമാക്കി.
അതേസമയം, മല്യയ്ക്കെതിരായ കോടതി നോട്ടീസ് തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നു അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്.വൈദ്യനാഥന്‍ കോടതിയെ അറിയിച്ചു. കോടതിയെ ഒരിക്കലും മല്യ നിന്ദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് സെപ്റ്റംബര്‍ 27 ന് വീണ്ടും പരിണിക്കും.
ഒന്‍പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ രാജ്യം വിട്ട് ബ്രിട്ടനിലേക്കു മുങ്ങിയത്. ലണ്ടനിലെ ആഡംബര വസതിയില്‍ മല്യ ഉണ്ടെന്നാണു വിവരം.