തിരുവനന്തപുരം : ഓഫീസുകളിൽ ജനസൗഹൃദ മായ ഇടപെടൽ ഉറപ്പാക്കാൻ വില്ലേജ് ഓഫീസർ മാർക്ക് പരിശീലന പരിപാടിയുമായി റവന്യൂ വകുപ്പ്. ഓഫീസർമാർക്കുള്ള പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന കൊടുക്കാനാകണമെന്നും സാധ്യമായ വിഷയങ്ങളിലെല്ലാം ജനങ്ങൾ പലതവണ ഓഫീസ് കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാ നാകണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർക്ക് നടപ്പാക്കാൻ കഴിയാത്ത നിരവധി കാര്യങ്ങളുണ്ടാകാം. അത് മാന്യമായ പെരുമാറ്റത്തോടെ ജനങ്ങളെ ബോധ്യപ്പെടുത്താനാകണം.
അസൗകര്യങ്ങളും ജോലിഭാരവും ഏറെയുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് കാതുകൊടുക്കാനാകണം. ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിൽ നല്ല ബന്ധമുണ്ടായാൽതന്നെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. ഭൂമി വിഷയങ്ങൾ, റവന്യൂ വിഷയങ്ങൾ, നിരവധി സർട്ടിഫിക്കറ്റുകൾ നൽകൽ തുടങ്ങി ജനജീവിതത്തിൽ എല്ലാ കാര്യത്തിലും ദൈനംദിനം വില്ലേജ് ഓഫീസുകളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്.
ഈ സർക്കാർ അധികാരമേറ്റ സമയത്ത് മൂന്നുമേഖലകളായി യോഗം വിളിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും മന്ത്രിയെന്ന നിലയിൽ കേട്ടിരുന്നു. അതുപ്രകാരം ഓഫീസുകളിലെ ഇല്ലായ്മകൾ പരിഹരിക്കാൻ നടപടികളും സ്വീകരിച്ചു. 113 കോടി രൂപയാണ് ഈ കാലയളവിൽ അറ്റകുറ്റപ്പണികൾക്കായി വില്ലേജ് ഓഫീസുകളിൽ വിനിയോഗിച്ചത്. ഇപ്പോൾ വരുന്ന സ്മാർട്ട് വില്ലേജ് ഓഫീസുകളിലും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടങ്ങളിലും കൂടുതൽ സൗകര്യം ഉറപ്പാക്കുന്നുണ്ട്.
സൗഹാർദ്ദപരമായ ഇടപെടലിലൂടെ ജനങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കാനായാൽ സൗകര്യങ്ങൾ ഉറപ്പാക്കാനും അവരുടെ സഹകരണം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫീസുകളിൽ എത്തുന്നവരെ എങ്ങനെ സ്വീകരിക്കാം, കാര്യങ്ങൾ എങ്ങനെ പറഞ്ഞു ബോധ്യമാക്കാം തുടങ്ങി സൗഹാർദ്ദപരമായി പെരുമാറേണ്ട വശങ്ങൾ ഏകദിന ക്ലാസിൽ വില്ലേജ് ഓഫീസർമാരെ വിദഗ്ധർ പരിശീലിപ്പിച്ചു. സംസ്ഥാനത്തെ 1664 വില്ലേജ് ഓഫീസർമാർക്കും ജില്ല തോറും ഇത്തരത്തിൽ പരിശീലനം നൽകും. പി.ടി.പി നഗറിലെ പരിശീലനകേന്ദ്രത്തിൽ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരെയാണ് പരിശീലിപ്പിച്ചത്.
ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ഡയറക്ടർ പി.ജി. തോമസ് അധ്യക്ഷത വഹിച്ചു. ലാൻഡ് റവന്യൂ കമ്മീഷണർ സി.എ. ലത മുഖ്യപ്രഭാഷണം നടത്തി. ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർ ഡോ: എ. കൗശിഗൻ ആശംസയർപ്പിച്ചു. പ്രോഗ്രാം ഓഫീസർ മുഹമ്മദ് സഫീർ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേശ്വരി നന്ദിയും പറഞ്ഞു.