കര്‍ഷക ആത്മഹത്യ: വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

206

കോഴിക്കോട്: ചെമ്ബനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ചെമ്ബനോട വില്ലേജ് ഓഫീസര്‍ സണ്ണിയെയാണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ, വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചിരുന്നു. പുരയിടത്തില്‍ ജോയി എന്ന തോമസിനെയാണ് ഇന്നലെ രാത്രി ഒമ്ബതരയോടെ വില്ലേജ് ഓഫീസിന്റെ ഗ്രില്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു. ഇതിന്റെ പേരില്‍ ഒരു വര്‍ഷം മുമ്ബ് ജോയിയും ഭാര്യയും ചെമ്ബനോട വില്ലേജ് ഓഫീസിനു മുമ്ബില്‍ നിരാഹാര സമരം നടത്തിയിരുന്നു. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെട്ടതിനെ തുടര്‍ന്ന് താത്കാലികമായി നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറായി. പ്രശ്നം പൂര്‍ണമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജോയിയും കുടുംബവും പിന്നീട് വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും വില്ലേജ് അധികൃതര്‍ പാടെ അവഗണിക്കുകയായിരുന്നുവത്രെ. ഇതിലുള്ള മനോവിഷമം ഇയാള്‍ നേരത്തെ പലരോടും പ്രകടിപ്പിച്ചിരുന്നതായും പറയുന്നു.

NO COMMENTS