തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റമുണ്ടായി. നിരവധി പേര്‍ക്കു പരുക്കേറ്റു.
തരുവനന്തപുരത്ത് അക്രമികളില്‍നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്മാറി. ശബരിമല കര്‍മസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് തീരുമാനം. ഹര്‍ത്താല്‍ അനുകൂലികളുടെ വാര്‍ത്താ സമ്മേളനം ബഹിഷ്കരിക്കാനാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ തീരുമാനം.