തിരുവനന്തപുരം: കേരളത്തിന്റെ മാസ്മരിക പ്രകൃതി സൗന്ദര്യം അനുഭവവേദ്യമാക്കാന്‍ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേരള ടൂറിസം ഒരുക്കിയ വിര്‍ച്വല്‍ റിയാലിറ്റി കിയോസ്‌ക് സന്ദര്‍ശിച്ച ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അവിടെ ഒരു ദിവസം മുഴുവന്‍ സംസ്ഥാനത്തിന്റെ ആതിഥേയനായി മാറി. ഒരു കെട്ടുവള്ളത്തിലിരുന്ന് യാത്ര ചെയ്യുന്ന പ്രതീതി സൃഷ്ടിച്ച് കേരളത്തിന്റെ കായല്‍സൗന്ദര്യം പുറംലോകത്തിനു പരിചയപ്പെടുത്തുന്ന ഈ മായിക സംവിധാനം മന്ത്രി സന്ദര്‍ശിച്ചത് വിനോദ സഞ്ചാരവകുപ്പ് ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ്.
ഹൗസ്‌ബോട്ടില്‍ യാത്ര ചെയ്ത് പരിചയമുള്ള തനിക്കുപോലും ഇത് അത്യത്ഭുതമായ അനുഭവമായിരുന്നുവെന്ന് മന്ത്രി സാക്ഷ്യപ്പെടുത്തി. അങ്ങനെയാണെങ്കില്‍ കേരളം കാണാത്ത ഒരു വ്യക്തിക്ക് എന്തായിരിക്കും അനുഭവമെന്ന് വിവരിക്കാനാവില്ല. ഇതിലപ്പുറം കേരളത്തെ മറുനാട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്ന മറ്റൊരു ഉപാധിയില്ല. ഇത് അനുഭവിച്ചവര്‍ യാഥാര്‍ഥ്യമെന്തെന്ന് അറിയാന്‍ കേരളത്തിലെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ ഡിപ്പാര്‍ചര്‍ ഏരിയയിലാണ് കെട്ടുവള്ളത്തിന്റെ യാഥാര്‍ഥ വലിപ്പത്തില്‍തന്നെ ഹൗസ്‌ബോട്ട് കിയോസ്‌ക് സജ്ജീകരിച്ചിരിക്കുന്നത്. കൗതുകത്തോടെകിയോസ്‌കിലെത്തിയ സന്ദര്‍ശകരെ മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ തന്നെ നേരിട്ട് സ്വീകരിച്ച് ഇതിന്റെ സാങ്കേതികത്വം വിവരിച്ചുകൊടുത്തു.
360 ഡിഗ്രി സാങ്കേതികവിദ്യ ഉപയോഗിച്ച് ആറു ക്യാമറകളില്‍ ചിത്രീകരിച്ച കായല്‍യാത്ര രണ്ടു മിനിറ്റ് നീളുന്ന ദൃശ്യാവിഷ്‌കാരത്തിലൂടെയാണ് വിര്‍ച്വല്‍ റിയാലിറ്റി കിയോസ്‌കില്‍ ഉപയോഗിച്ചിരിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ഉപയോഗിച്ച ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ 2000 കിലോമീറ്റര്‍ അകലെ കേരളത്തിലെ കായലിലൂടെ യാത്ര ചെയ്യുകയാണെന്നേ തോന്നുകയുള്ളു. കായലോരങ്ങളിലെ മനുഷ്യജീവിതവും തെങ്ങിന്‍തോപ്പുകളും പാടശേഖരങ്ങളും പക്ഷിമൃഗാദികളും സൂര്യാസ്തമയവുമെല്ലാം ഹൗസ് ബോട്ടിലിരുന്ന് കാണുന്ന പ്രതീതി.
കഴിഞ്ഞ ഒക്‌ടോബര്‍ 28ന് പ്രവര്‍ത്തനക്ഷമമായ കിയോസ്‌കില്‍ ഇതിനോടകം നൂറുകണക്കിന് സന്ദര്‍ശകരെത്തിയിട്ടുണ്ട്. ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ കേരളം എന്നും മുന്നിലാണെന്ന് തെളിയിക്കുന്നതാണ് ഏറ്റവും നൂതനമായ ഈ വിപണന തന്ത്രം. ശ്രീ പി.കരുണാകരന്‍, ശ്രീ വയലാര്‍ രവി, ശ്രീ കെ.സോമപ്രസാദ്, ശ്രീ സി പി നാരായണന്‍, പി കെ ശ്രീമതി, ശ്രീ എം ബി രാജേഷ്, ശ്രീ പി കെ ബിജു, ശ്രീ ജോസ് കെ മാണി, ശ്രീ കെ കെ രാഗേഷ്, ശ്രീ കെ സി വേണുഗോപാല്‍, ശ്രീ ജോയ് ഏബ്രഹാം എന്നിങ്ങനെ കേരളത്തിലെ എംപിമാരുടെ നീണ്ട നിരതന്നെ കിയോസ്‌കില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചു. ഡല്‍ഹിയില്‍ കേരളത്തിന്റെ റസിഡന്റ് കമ്മീഷണര്‍ ഡോ.വിശ്വാസ് മേത്തയടക്കമുള്ള പ്രമുഖരും ഇരുനൂറോളം വിമാനയാത്രക്കാരും വെള്ളിയാഴ്ച ഇവിടെ എത്തിയിരുന്നു.
ഡിസംബര്‍ 12 വരെ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കിയോസ്‌ക് തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റും.
ടൂറിസം വിപണനത്തിലും പ്രോത്സാഹന നടപടികളിലും സാങ്കേതിക വിദ്യ ഇപ്പോഴും ഭാവിയിലും അവിഭാജ്യ ഘടകമാണെന്ന് കേരള ടൂറിസം ഡയറകട്ര്‍ ശ്രീ യു വി ജോസ് ചൂണ്ടിക്കാട്ടി. ‘ബ്രാന്‍ഡ് കേരള’യ്ക്ക് നാടിനുപുറത്ത് പ്രചാരണം നല്‍കാനുള്ള പരിപാടികളുടെ ഭാഗമാണ് ഡല്‍ഹി വിമാനത്താവളത്തിലെ വിര്‍ച്വല്‍ റിയാലിറ്റി കിയോസ്‌ക്. ഉയര്‍ന്ന വരുമാനമുള്ള ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ളതാണിത്. പരമ്പരാഗത ഉപാധികള്‍ക്കപ്പുറമായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടാക്കാന്‍ കഴിയുമെന്ന് ശ്രീ ജോസ് പറഞ്ഞു. ഭാവിപരിപാടികളും ഉയര്‍ന്ന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുംബൈയ്ക്കു പുറമെ വിര്‍ച്വല്‍ റിയാലിറ്റി കിയോസ്‌ക് ബംഗളുരു അടക്കമുള്ള മറ്റു വിമാനത്താവളങ്ങളിലും കൊണ്ടുപോയി സജ്ജീകരിക്കും. കിയോസ്‌കില്‍ തങ്ങള്‍ക്കുള്ള അനുഭവങ്ങള്‍ #ഗ്രേറ്റ്ബാക്ക്‌വാട്ടേഴ്‌സ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സന്ദര്‍ശകര്‍ ട്വീറ്റ് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇങ്ങനെ ട്വീറ്റു ചെയ്യുന്നവരില്‍നിന്ന് കിയോസ്‌കിലുള്ള ഡിസ്‌പെന്‍സിംഗ് മെഷീന്‍ നറുക്കിട്ടെടുക്കുന്നവര്‍ക്ക് പ്രകൃതിഭംഗി ചിത്രീകരിച്ചിട്ടുള്ള മനോഹരമായ പോസ്റ്റ്കാര്‍ഡുകള്‍ നല്‍കും. ഇത് അവിടെനിന്നുതന്നെ തങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പോസ്റ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.