സൗദി മന്ത്രിസഭ പാസാക്കിയ പുതിയ വിസാഫീസ് വര്‍ദ്ധനവ് തൊഴില്‍ വിസക്ക് ബാധകമല്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ സന്ദര്‍ശന വിസയ്‌ക്കും ടൂറിസം വിസയ്‌ക്കും ആറു മാസത്തേക്ക് 3,000 റിയാല്‍ നല്‍കേണ്ടിവരും.
കഴിഞ്ഞ ദിവസം മന്ത്രിസഭ പാസാക്കിയ വിസ ഫീസ് വര്‍ദ്ധനവിന്റെ വിശദ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടു. ഇതുപ്രകാരം സന്ദര്‍ശന വിസക്കും ടൂറിസം വിസക്കും ചിലവേറും. കുടുംബങ്ങളുടെ സന്ദര്‍ശന വിസയ്‌ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സന്ദര്‍ശന വിസയ്‌ക്കും ടുറിസം വിസയ്‌ക്കും ആറ് മാസത്തേക്ക് ഇനി 3,000 റിയാല്‍ നല്‍കേണ്ടി വരുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ വ്യക്തമാക്കി. ഇത് ഒരു വര്‍ഷത്തേക്ക് ലഭിക്കണമെങ്കില്‍ 5,000 റിയാലും 2രണ്ട് വര്‍ഷത്തേക്ക് 8,000 റിയാലും നല്‍കേണ്ടിവരും.
6 മാസം കാലവധിയുള്ള സന്ദര്‍ശന വിസകളിലെത്തിയ ശേഷം പിന്നീട് വിസ കാലാവധി നീട്ടുന്നതിനും ഈ നിരക്ക് ബാധകമായിരിക്കും. എന്നാല്‍ ഫീസ് വര്‍ദ്ധനവ് തൊഴില്‍ വിസക്ക് ബാധകമല്ല. നിലവിലുള്ള രണ്ടായിരം റിയാല്‍ തന്നെ തുടരും. തൊഴില്‍ വിസകളിലുള്ളവക്ക് ഇഖാമ കാലാവധി വരെ എക്‌സിറ്റ് റീ- എന്‍ട്രി വിസ അനുവദിക്കും. രണ്ടു മാസത്തേക്ക് ഇതിന് 200 റിയാലാണ് ഫീസ്. എന്നാല്‍ രണ്ടു മാസത്തില്‍ കൂടുതലുള്ള ഓരോ മാസത്തിനും 100 റിയാല്‍ അധികം നല്‍കണം. ഗാര്‍ഹിക തൊഴിലാളികളുടെ എക്‌സിറ്റ് റീ-എന്‍ട്രി വിസകള്‍ക്കും ഫീസ് വര്‍ദ്ധന ബാധകമാണെന്ന് ജവാസാത് മേധാവി കേണല്‍ സുലൈമാന്‍ അല്‍ യഹ്‍യ അറിയിച്ചു.