കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലുമായി മലയാളിക്ക് ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ലാദകരമായ വിഷു ആഘോഷത്തിലാണ് മലയാളി. സൂര്യന്‍ മീനംരാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന തുല്യരാപ്പകലുകളുളള ദിനം. കൊല്ലവര്‍ഷം വരും മുന്‍പ് മലയാളിക്കിത് കാര്‍ഷിക വര്‍ഷപ്പിറവിയുടെ ദിനമായിരുന്നു. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനമെന്ന ഐതിഹ്യവുമുണ്ട് വിഷുവിന്. സമൃദ്ധമായൊരു ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഏതൊരു ആഘോഷത്തേയും പോലെ വിഷുവും. ആ നല്ല കാലത്തിന്റെ ഓര്‍മ്മയ്‌ക്കായി ഐശ്യര്വമുളള കാഴ്ചകളിലേക്ക് വിഷുപ്പുലരിയില്‍ നാം കണ്ണുതുറക്കുന്നു. ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും വെളളരിയും കൊന്നയും ഫലവര്‍ഗ്ഗങ്ങളും പണവും സ്വര്‍ണ്ണവും തുടങ്ങി ഭൂമിയിലെ എല്ലാ നല്ല വസ്തുവകകളും ചേര്‍ത്തൊരുക്കുന്ന കണി ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രതീക്ഷയുടെ പ്രതീകമാണ്. കുടുംബത്തിലെ ഇളമുറക്കാര്‍ക്ക് മുതിര്‍ന്നവര്‍ നല്‍കുന്ന കൈനീട്ടവും സമ്പത്തിന്റേയും സമൃദ്ധിയുടേയും കൈമാറലാണ്. പണ്ട് വിഷുക്കഞ്ഞിയായിരുന്നു പ്രധാന വിഷുവിഭവമെങ്കില്‍ പിന്നീടത് സദ്യവട്ടങ്ങളിലേക്ക് മാറി. പടക്കവും പൂത്തിരിയും വിഷുരാത്രികള്‍ക്ക് ശബ്ദ വര്‍ണ്ണവിന്യാസങ്ങളൊരുക്കി. പ്രകൃതി ഒരുക്കുന്ന മഞ്ഞണിക്കൊന്നകളുടെ കണിയും വിഷുപ്പക്ഷിയുടെ പാട്ടും തുടങ്ങി വിഷുവിനെ രേഖപ്പെടുത്തുന്ന പലതും നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. വിപണിയുടെ കൈപിടിച്ച് പണമൊഴുക്കി എന്നിട്ടും നമ്മള്‍ വിഷുവെന്ന ദിനം കൊണ്ടാടുമ്പോള്‍ ഒന്നുമാത്രം ചിന്തിക്കുക, നമുക്കില്ലാതെ ഇല്ലാതെ പോയ പലതിനെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം.
എല്ലാ മാന്യ വായനക്കാര്‍ക്കും നെറ്റ് മലയാളം ടീമിന്‍റെ വിഷുദിനാശംസകള്‍