വിഷു-റംസാൻ ഫെയറുകൾ പൊതുവിപണിയിലെ ചൂഷണത്തിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കും: മന്ത്രി ജി.ആർ. അനിൽ

10

ഉത്സവ സീസണുകളിൽ പൊതു വിപണിയിലെ ചൂഷണത്തിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതാണ് സപ്ലൈകോ നടപ്പാക്കുന്ന വിഷു- റംസാൻ ഫെയറുകളെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ശരാശരി 30 ശതമാനം വിലക്കുറവിൽ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി അവശ്യ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന് സമീപമുളള സപ്ലൈകോ ഔട്ട്‌ലെറ്റിൽ വിഷു- റംസാൻ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്നത് സർക്കാർ നയമാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം വിഷു- റംസാൻ ഫെറുകൾ സംഘടിപ്പിക്കുന്നത്. വിലക്കയറ്റം തടയാനും കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനുമായി കേന്ദ്രവുമായി നിരന്തര ഇടപെടലുകളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഫലമായാണ് എഫ്.സി.ഐ വഴി 50% പുഴുക്കലരിയും 50% പച്ചരിയും ജനങ്ങൾക്ക് ലഭ്യമാക്കാൻ ധാരണയായത്. വിഷു- റംസാൻ ഫെയറിന്റെ ആദ്യ വിൽപ്പനയും മന്ത്രി നിർവഹിച്ചു.

ഉത്സവ സീസണുകളിൽ വിപണിവില വർധിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കാറുണ്ട്. ഇതിന് പരിഹരമാകാൻ സംസ്ഥാനത്തുട നീളമുള്ള സപ്ലൈകോ ഫെയറുകൾക്ക് സാധിക്കുമെന്ന് പരിപാടിയിൽ അധ്യക്ഷനായ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.

സപ്ലൈകോ വില്പന നടത്തുന്ന സബ്‌സിഡി, നോൺ സബ്‌സിഡി ഉത്പന്നങ്ങൾ ഫെയറുകളിൽ ലഭ്യമാണ്. 10 മുതൽ 35 ശതമാനം വരെ വിലക്കുറവിലാണ് അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നത്. പഞ്ചസാര (39), ജയ അരി-സോർട്ടക്സ് (36), ബിരിയാണി അരി- സോന (44.50), മട്ട അരി സോർട്ടക്സ്(ഉണ്ട) – (40.50), മട്ട അരി -സോർട്ടക്സ്(വടി) – (44), കുറുവ അരി സോർട്ടക്സ് (36) എന്നീ വിലകളിൽ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ശബരി ഉത്പന്നങ്ങൾക്കും കൂടുതൽ ആവശ്യക്കാരുള്ള മറ്റ് ചില ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് ലഭിക്കും.

ഡെപ്യൂട്ടി മേയർ പി.കെ. രാജു, സപ്ലൈകോ ചെയർമാൻ ആൻഡ് മനേജിങ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, സപ്ലൈകോ തിരുവനന്തപുരം മേഖല മാനേജർ ജലജ ജി.എസ്. റാണി തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY