വിസ്മയപ്പക്ഷി

212

ലക്ഷദ്വീപിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിലും മാത്രമുള്ള കടൽപ്പക്ഷിയാണ് റെഡ് ബിൽഡ് ട്രോപിക് ബേഡ്. ഇന്ത്യയിൽനിന്ന് ഈ പക്ഷിയുടെ ചിത്രം ആദ്യമായി പകർത്തി പുറംലോകത്തിന് സമ്മാനിച്ചത് ഒരു കൊച്ചിക്കാരനാണ് -തിരുവാങ്കുളം സ്വദേശി
വെളുത്ത നിറം. ചുവന്ന ചുണ്ട്‌. നീളമുള്ള വാലും വീതിയേറിയ വിടർന്ന ചിറകുകളുമുള്ള പക്ഷി ഇന്ത്യയിലെ പക്ഷിനിരീക്ഷകരെ ഭ്രമിപ്പിച്ചു. ഇപ്പോഴും കൺകുളിർക്കെ നോക്കി ആസ്വദിക്കുന്നു.മിന്നൽപോലെ സന്ദേശങ്ങളും പ്രതികരണങ്ങളും പക്ഷിനിരീക്ഷകരുടെ ഫെയ്‌സ്‌ബുക്കിൽ നിറഞ്ഞു. നിരീക്ഷകരുടെ കൂട്ടായ്മയായ ‘ഓറിയന്റൽ ബേഡ്‌ ക്ലബ്ബി’ൽ ആഹ്ലാദത്തിന്റെ അത്യപൂർവ നിമിഷങ്ങളായിരുന്നു. ദിവസങ്ങൾക്കുള്ളിൽ വെളുത്തപക്ഷി, കടലുകളും ഭൂഖണ്ഡങ്ങളും കടന്നു.ഇതുവരെയായി ഒരൊറ്റ ക്യാമറച്ചിത്രം പോലും ഇല്ലാതെ, യാതൊന്നും അറിയപ്പെടാതെ അണിയറയിൽ കഴിഞ്ഞിരുന്ന ‘റെഡ്‌ ബിൽഡ്‌ ട്രോപ്പിക്‌ ബേഡ്‌’ (Red Billed Tropic Bird) ആണ്‌ വെള്ളിവെളിച്ചത്തിലേക്ക്‌ കുതിച്ചത്‌. എറണാകുളം തിരുവാങ്കുളം സ്വദേശിയും കൊച്ചി റിഫൈനറീസിലെ ഉദ്യോഗസ്ഥനും പക്ഷിനിരീക്ഷകനുമായ കെ.ഐ. ബിജോയ്‌, അറബിക്കടലിലെ ചെറിയൊരു ദ്വീപായ ‘പെരുമാൾ പാറി’ലേക്ക്‌ അതീസാഹസികമായി സുഹൃത്തുക്കളോടൊപ്പം ബോട്ടിൽ യാത്ര ചെയ്തു. ദ്വീപിലെ മണൽത്തിട്ടയിലിരുന്ന്‌ കൈയെത്തും ദൂരത്തിൽ പക്ഷികളെ ക്യാമറയിൽ പകർത്തി. പക്ഷിനിരീക്ഷകരെയാകെ വിസ്മയിപ്പിച്ച ചിത്രങ്ങൾ പുറംലോകത്തിന്‌ സമ്മാനിച്ചു.
പവിഴപ്പുറ്റുകളുടെ വലയത്തിലുള്ള ചെറിയ ദ്വീപ്‌, ലക്ഷദ്വീപിലെ അഗത്തിയിൽ നിന്ന്‌ 30 നോട്ടിക്കൽ മൈൽ അകലെയാണ്‌. മൂന്ന്‌ മണിക്കൂറുകളോളം ചെറിയൊരു ബോട്ടിൽ യാത്ര ചെയ്താൽ ദ്വീപിലെത്താം. ചെറിയൊരു മണൽത്തിട്ടയാണ്‌. അതാണ്‌ ദ്വീപിന്റെ പ്രതീതി. പഞ്ചാരമണൽ വിരിച്ചിരിക്കുന്നു. അറബിക്കടലിലെ തിരമാലകൾ അമ്മാനമാടുമ്പോൾ ബോട്ട്‌ മുന്നോട്ട്‌ നീങ്ങും. തിരമാലകളിലൂടെ കുതിപ്പ്‌.നങ്കൂരമിട്ട്‌ ബോട്ടിൽ നിന്ന്‌ ഇറങ്ങി. മുട്ടൊപ്പമുള്ള വെള്ളത്തിലൂടെ മെല്ലെ നടന്നു. സ്ഫടികപ്പാത്രത്തിലെ ജലംപോലെ സമുദ്രതീരം. കൈയിലെ വാച്ച്‌ നോക്കി -അഞ്ച്‌ മിനിറ്റ്‌ കൂടുമ്പോൾ ജലപ്പരപ്പിെലത്തുന്ന ആയിരക്കണക്കിന്‌ കടലാമകൾ. തീരം കഴിഞ്ഞാൽ കുറച്ച്‌ ദൂരം സമുദ്രത്തിന്‌ പച്ചനിറം. ആഴം കൂടുന്നതനുസരിച്ച്‌ നീലനിറമാകും. വിമാനത്തിലിരുന്ന്‌ നോക്കിയാൽ നീലജലാശയം. അതിന്‌ നടുവിൽ ദ്വീപ്‌. ഇവിടെയാണ്‌ പക്ഷികളുടെ വാസസ്ഥലം.ക്യാമറയുമായി മണലിലൂടെ ഇഴഞ്ഞുനീങ്ങി. അപരിചിതൻ കടന്നുവന്നത്‌ പക്ഷികൾ ശ്രദ്ധിച്ചു. അവ കൂട്ടത്തോടെ പറന്നുയർന്നു. എന്നാൽ, അല്പ നേരത്തിനുള്ളിൽ മണൽത്തിട്ടയുടെ മറ്റൊരു ഭാഗത്ത്‌ വന്നിരുന്നു. ‘ആള’ വർഗത്തിലുള്ള പക്ഷികളായിരുന്നു കൂടുതൽ. അവയുമായി കൂട്ടംകൂടാതെ, ചുവന്ന ചുണ്ടുള്ള ഈ വെള്ളപ്പക്ഷി മാറിനിന്നു. കൊത്തുപിടിക്കാനോ കലഹിക്കാനോ ശ്രമിച്ചില്ല. ഈ പക്ഷിയുടെ ഏതാണ്ട്‌ ആറടി വരെ ദൂരത്തിലെത്തി നിരവധി ചിത്രങ്ങളെടുക്കാൻ കഴിഞ്ഞത്‌ നിർവൃതിയുടെ നിമിഷങ്ങൾ പകർന്നു നൽകിയെന്ന്‌ കെ.ഐ. ബിജോയ്‌ ‘മാതൃഭൂമി നഗര’ ത്തിന്‌ നൽകിയ കൂടിക്കാഴ്ചയിൽ പറഞ്ഞു.
അറ്റ്‌ലാന്റിക്കിലെയും കിഴക്കൻ പസിഫിക്കിലെയും ദ്വീപുകളിൽ ‘റെഡ്‌ ബിൽഡ്‌ ട്രോപ്പിക് ബേഡി’ന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യാ മഹാസമുദ്രത്തിലും അവയെ കാണാറുണ്ട്‌. ലക്ഷദ്വീപിൽ 1991-ൽ ഈ പക്ഷിയെ കണ്ടതായി സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി വൃത്തങ്ങൾ പറഞ്ഞു. അവയുടെ സ്വഭാവ വിശേഷങ്ങൾ, ജീവിത രീതികൾ എന്നിവയെക്കുറിച്ച്‌ ആധികാരികമായ ഒരുവിവരവും ഇതുവരെ ലഭ്യമായിട്ടില്ല. പക്ഷിയുടെ ഒരു ചിത്രം പോലും ആർക്കും ക്യാമറയിൽ പകർത്താൻ കഴിഞ്ഞിട്ടില്ല.
സമുദ്രത്തിൽ ജീവിക്കുന്ന പക്ഷികളെക്കുറിച്ച്‌ ചിത്രങ്ങൾ ശേഖരിക്കാൻ ശ്രമിച്ച്‌ അഗത്തിയിൽ നിന്ന്‌ ബോട്ടിൽ യാത്ര ചെയ്തപ്പോൾ അപ്രതീക്ഷിതമായിട്ടാണ്‌ ‘പെരുമാൾ പാർത്ത’ ചെറു ദ്വീപിൽ ഈ പക്ഷിയെ കണ്ടതെന്ന്‌ ബിജോയ്‌ പറഞ്ഞു. 2012 ഏപ്രിലിൽ ആയിരുന്നു അത്‌. അന്ന്‌ കുറച്ച്‌ ചിത്രങ്ങൾ എടുത്തു. ഈ പക്ഷിയെ, പക്ഷി ഗവേഷകരുമായി സംസാരിച്ച്‌ തിരിച്ചറിഞ്ഞു. വീണ്ടും കാണാൻ കൗതുകമുണ്ടായി. ഒപ്പം, ആകാംക്ഷയും.
അങ്ങനെ 2015 ജനവരിയിലും പെരുമാൾ പാറിലേക്ക്‌ യാത്ര ചെയ്തു. ഇത്തവണയും അതേ പക്ഷികൾ കൂട്ടമായി ദ്വീപിലുണ്ടായിരുന്നു. നൂറുകണക്കിന്‌ ചിത്രങ്ങൾ ക്യാമറയിലേക്ക്‌ പകർത്തി. പക്ഷിയുടെ ചിത്രം ബിജോയ്‌ ഫെയ്‌സ്‌ബുക്കിൽ അവതരിപ്പിച്ചതാണ്‌ പക്ഷിനിരീക്ഷകരുടെ മനസ്സ്‌ കവർന്നത്‌. നേരിട്ടുള്ള ചിത്രംതന്നെ നിരീക്ഷകരെ ആകർഷിച്ചു. ഇന്ത്യാ മഹാസമുദ്രത്തിലെ ദ്വീപുകളിലും ലക്ഷദ്വീപിലും ഈ പക്ഷിയെ കണ്ടിട്ടുള്ളത്‌ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ചിത്രങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. ലോകപ്രശസ്ത പക്ഷി ഗവേഷകനായ എ.ഒ. ഹ്യൂം 1876-ൽ, ഈ പക്ഷി ലക്ഷദ്വീപിൽ ഉള്ളതായി രേഖപ്പെടുത്തിയിരുന്നു. മറ്റൊരു ലോകപ്രശസ്ത പക്ഷിഗവേഷകനായ ധില്ലൻ റിപ്ളിക്കും ഈ പക്ഷിയെ ലക്ഷദ്വീപിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ പ്രശസ്ത പക്ഷിഗവേഷകൻ ഡോ. ആർ. സുഗതനും പറഞ്ഞു.
ബിജോയിയുടെ ചിത്രമാണ്‌ ഇന്ന്‌ ഇന്ത്യയിലും ലോകത്തെങ്ങുമായി പക്ഷിനിരീക്ഷകർ ശ്രദ്ധിക്കുന്നത്‌. ലക്ഷദ്വീപിൽ നിന്ന്‌ പുറംലോകത്തെത്തിയ ആദ്യ ആധികാരിക ചിത്രം. ഈ പക്ഷിയുടെ സ്വഭാവ രീതികളെക്കുറിച്ചും മറ്റും നിരീക്ഷിച്ച്‌ പഠിക്കാനുള്ള ശ്രമത്തിലാണ്‌ ലക്ഷദ്വീപ്‌ വനം വകുപ്പെന്ന്‌ അവിടത്തെ അസിസ്റ്റന്റ്‌ വനം കൺസർവേറ്റർ അബ്ദുൾ റഹീം പറഞ്ഞു. ലക്ഷദ്വീപിൽ ഈ പക്ഷിയെ ഒരിക്കൽ കണ്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. പക്ഷേ, ആധികാരിക പഠനങ്ങൾ ഒന്നും ലഭ്യമല്ല. ഓറിയന്റൽ ബേഡ്‌ ക്ളബ്ബിന്‌ പക്ഷിയുടെ ചിത്രം ആദ്യമായി ബിജോയിയിൽ നിന്നാണ്‌ ലഭിക്കുന്നത്‌. പക്ഷികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആയിരക്കണക്കിന്‌ പക്ഷിനിരീക്ഷകർ ഇന്ത്യയിൽ ഉണ്ട്‌. ബിജോയിക്ക്‌ നന്ദിയും ആശംസകളും പറഞ്ഞ്‌ ഫെയ്‌സ്‌ബുക്ക്‌ ഇപ്പോഴും തിളങ്ങിക്കൊണ്ടിരിക്കുന്നു.
നിലാവുള്ള രാത്രിയിൽ ഈ ദ്വീപിൽ െചലവഴിക്കുന്ന നിമിഷങ്ങൾ അവിസ്മരണീയമാണെന്ന്‌ ബിജോയ്‌ പറഞ്ഞു. ഡോ ൾഫിനുകൾ ചാടിമറിയുന്നത്‌ കാണാം.
വർഷകാലത്ത്‌ ദ്വീപിൽ ആരും വരില്ല. കാരണം, കടൽ ക്ഷോഭിച്ചിരിക്കും. കടൽ ഇളകിമറിഞ്ഞാലും അന്ധകാരത്തിലും കണ്ണുകൾ കെട്ടി ബോട്ട്‌ ഒടിച്ചാലും തീരത്തെത്താൻ അതിസമർത്ഥരാണ്‌ ബോട്ട്‌ ഓടിക്കുന്നവരെന്ന്‌ ബിജോയ്‌ പറഞ്ഞു. കടലിലെ ഓരോ തരംഗവും അവർക്ക്‌ ഹൃദിസ്ഥമാണ്‌. പക്ഷിനിരീക്ഷികനായ ബിജോയി ആറ്‌്‌ വർഷമായി ക്യാമറ െെകയിലെടുക്കാൻ തുടങ്ങിയിട്ട്‌. കുറച്ച്‌ നാളുകൾക്ക്‌ മുമ്പ്‌ അന്തമാൻ ദ്വീപിൽ യാത്ര ചെയ്ത്‌ എടുത്ത ഭൂപ്രദേശ ചിത്രങ്ങളാണ്‌ വഴിത്തിരിവായത്‌. പക്ഷിചിത്രങ്ങളിലും അതോടെ കൂടുതൽ ആകൃഷ്ടനായി.

NO COMMENTS

LEAVE A REPLY