റിയാദ് : ലോക റാപ്പിഡ് ചെസ് കിരീടം ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്. 15 റൗണ്ടുകളടങ്ങിയ ചാംപ്യന്‍ഷിപ്പില്‍ ടൈ വന്നതോടെ നടത്തിയ പ്ലേഓഫില്‍ ആനന്ദ് ജയിച്ചുകയറുകയായിരുന്നു. കിരീടത്തിലേക്കുള്ള കുതിപ്പില്‍ ലോക ചാംപ്യനായ നോര്‍വെയുടെ മാഗ്നസ് കാള്‍സനയും ആനന്ദ് മറികടന്നിരുന്നു. പ്ലേഓഫില്‍ റഷ്യന്‍ ഗ്രാന്റമാസ്റ്ററായ വ്ളാദിമിര്‍ ഫെഡോസീവിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം വീണ്ടും ലോകചാംപ്യന്‍ പട്ടത്തിന് ഉടമയായത്. തന്നേക്കാള്‍ 26 വയസ്സ് കുറവുള്ള ഫെഡോസീവിനെ ആനന്ദ് ഫൈനലില്‍ 2-0ന് കെട്ടുകെട്ടിക്കുകയായിരുന്നു. 48 കാരനായ ആനന്ദിന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയ നേട്ടങ്ങളിലൊന്നായിരിക്കും ഇത്.
ചാംപ്യന്‍ഷിപ്പിന്റെ ഒമ്ബതാം റൗണ്ടിലാണ് വിശ്വവിജയിയായ കാള്‍സനെ ആനന്ദ് കീഴടക്കിയത്. 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ ആനന്ദ് ജേതാവാകുന്നത്. അഞ്ചു വട്ടം ഫിഡെ ലോക ചാംപ്യന്‍പട്ടം അലങ്കരിച്ച താരമാണ് അദ്ദേഹം. ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പി ഹരികൃഷ്ണ ടൂര്‍ണമെന്റില്‍ 16ാം സ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ സൂര്യശങ്കര്‍ ഗാംഗുലി 67ാമതും വിദിത്ത് ഗുജറാത്തി 61ാമതും ബി അധിബെന്‍ 65ാമതും എസ്പി സേതുരാമന്‍ 96ാമതുമാണ് എത്തിയത്.