തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ ജുഡീഷല്‍ കമ്മീഷന്‍ അന്വേഷണം നടത്തും. ജുഡീഷല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ പിന്നീട് തീരുമാനിക്കും. വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്നാണ് സിഎജി റിപ്പോര്‍ട്ട്. നിര്‍മാണകാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമെന്നും ഇതിലൂടെ 29.21 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നും സിഎജി വ്യക്തമാക്കി. 20 വര്‍ഷം കൂടി വേണമെങ്കില്‍ അധികം നല്‍കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61095 കോടി രൂപ അധികവരുമാനം അദാനിക്കു ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.