തിരുവനന്തപുരം :വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പോർട്ട് ഓപ്പറേഷൻ ബിൽഡിംഗിന്റെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ന് (സെപ്റ്റംബർ 30) വൈകിട്ട് മൂന്നിന് നിർവഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിന് പോർട്ട് ഓപ്പറേഷൻസ് ബിൽഡിംഗ് അനിവാര്യമാണ്. തുറമുഖത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും ഇവിടെയാണ് നടക്കുക.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈ നായാണ് ഉദ്ഘാടനം നടത്തുന്നത്.
തുറമുഖത്തിന്റെ ഭാഗമായ പുലിമുട്ടിന്റെ 676 മീറ്റർ പൂർത്തിയായിട്ടുണ്ട്. കണ്ടെയ്‌നർ ബെർത്തുകളുടെ പൈലിംഗ് പൂർത്തിയായി. ബീമുകൾ ഘടിപ്പിച്ച് സ്‌ളാബുകൾ നിരത്തുന്ന പ്രവൃത്തിയാണ് ബാക്കിയുള്ളത്. തുറമുഖത്ത് എട്ട് കണ്ടെയ്‌നർ ക്രെയിനുകളും 24 യാർഡ് ക്രെയിനുകളുമാണ് വേണ്ടത്.
ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്. ജപ്പാനിൽ നിർമിച്ച മൂന്ന് ടഗ് ബോട്ടുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. നാലാമത്തെ ടഗിന്റെ നിർമാണവും ഉടൻ പൂർത്തിയാകും. പുലിമുട്ടിന്റെ നിർമാണം പുരോഗമിക്കുന്ന മുറയ്ക്ക് ഫിഷിംഗ് ഹാർബറിന്റെ നിർമാണവും ആരംഭിക്കും.
തിരുവനന്തപുരം – നാഗർകോവിൽ റെയിൽ പാതയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന പദ്ധതിക്കായി കൊങ്കൺ റെയിൽവേ കോർപറേഷനുമായി തുറമുഖ കമ്പനി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ വിശദമായ പദ്ധതി രേഖ ദക്ഷിണ റെയിൽവേയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.