വിഴിഞ്ഞത്ത് ടിപ്പര്‍ ലോറികള്‍ മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. തുറമുഖ നിര്‍മ്മാണത്തിനായി ലോഡുമായി പോയ ടിപ്പറില്‍ നിന്നും കരിങ്കല്‍ തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാ യിരുന്നു കളക്ടര്‍. പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനകള്‍ നടത്തും. ഇതിനായി തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ടിപ്പറുകളുടെ ലിസ്റ്റ് അദാനി പോര്‍ട്ട്‌സ് പോലീസിന് സമര്‍പ്പിക്കണം.
ഓവര്‍ ലോഡുകള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തും. നിലവിലെ നിയമം അനുസരിച്ചുള്ള ടണ്ണേജ് മാത്രമേ അനുവദിക്കൂ. ഇതിനായി ലോഡ് കയറ്റുന്നിടത്തും ഇറക്കുന്നിടത്തും പരിശോധന നടത്തും. ഓവര്‍ ലോഡ് കയറ്റി ടിപ്പറുകള്‍ വന്നാല്‍ കരാറുകാരന് പണം നല്‍കരുതെന്ന് തുറമുഖ കമ്പനിയോട് ആവശ്യപ്പെടും. സുരക്ഷാക്രമീ കരണങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗ്ഗരേഖ പോലീസും ജില്ലാ ഭരണകൂടവും ചര്‍ച്ച ചെയ്ത് രണ്ടുദിവസത്തിനകം തയ്യാറാക്കും. ടിപ്പറുകളുടെ സമയക്രമത്തിലും മാറ്റം വരുത്തും.
ഏറ്റവും അധികം തിരക്കുള്ള രാവിലെ എട്ടു മുതല്‍ പത്തു വരെ ടിപ്പറുകള്‍ നിരത്തിലിറങ്ങുന്നത് പൂര്‍ണ്ണമായും തടയും. ഡ്രൈവര്‍മാരുടെ യോഗ്യത സംബന്ധിച്ച് പരിശോധന നടത്തും. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച അനന്തുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദാനി ഗ്രൂപ്പ് ചെയ്യേണ്ടത് അവരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തിലാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്. മന്ത്രിയെ കൂടാതെ എ വിന്‍സെന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, വിഴിഞ്ഞം തുറമുഖം എംഡി ദിവ്യ എസ് അയ്യര്‍, എഡിഎം പ്രേംജി സി, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ഡിസിപി നിധിന്‍ രാജ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.