തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദാനി ഗ്രൂപ്പ്. 155 രാജ്യങ്ങളില്‍ എം എസ് സി ഗ്രൂപ്പ് പ്രവര്‍ത്തി ക്കുന്നുണ്ട്. ഈ ഗ്രൂപ്പ് ലോകത്തെ ഏറ്റവും വലിയ മദര്‍ഷിപ്പുകളിലുള്‍പ്പടെ ഏകദേശം 700ഓളം ചരക്കുകപ്പലുകള്‍ സ്വന്തമായിട്ടുണ്ട്. ഇതിലൂടെ എത്തുന്ന കണ്ടെയ്‌നറുകളുടെ നീക്കത്തിനുള്ള റീജണല്‍ ട്രാന്‍സ്ഷിപ്‌മെന്റ് കേന്ദ്രമായാണ് വിഴിഞ്ഞത്തെ പരിഗണിക്കുന്നത്. കൊളംബോ, സിങ്കപ്പൂര്‍ തുറമുഖങ്ങള്‍ക്ക് വെല്ലുവിളിയായി വിഴിഞ്ഞം മാറാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. സഹകരണത്തിനുള്ള കരാര്‍ അന്തിമഘട്ടത്തിലാണെന്ന് അദാനി ഗ്രൂപ്പ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.കമ്പനിയുമായുള്ള പങ്കാളിത്തം വിനോദ സഞ്ചാരരംഗത്തെ കുതിപ്പിനും സഹായിക്കും. അന്താരാഷ്ട്രരംഗത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ എവര്‍ഗ്രീന്‍ ലൈന്‍, സിഎംഎസിജിഎം, ഒഒസിഎല്‍ തുടങ്ങിയ കമ്പനികൾ വിഴിഞ്ഞം തുറമുഖവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. പൂര്‍വേഷ്യന്‍, ഗള്‍ഫ്, യൂറോപ്പ് മേഖലകളിലേക്ക് ചരക്കുഗതാഗതത്തിനുതകുന്ന രീതിയിലുള്ള അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായാണ് വിഴിഞ്ഞം യഥാര്‍ഥ്യമാകുന്നത്. രാജ്യത്തെ ആഗോള ട്രാന്‍സ്ഷിപ്മെന്റ് കേന്ദ്രമാകാന്‍ വിഴിഞ്ഞത്തിനു കഴിയുമെന്നാണ് വിലയിരുത്തല്‍.ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുമായി ചേർന്ന് അദാനി ഗ്രൂപ്പ് സംയുക്ത സംരംഭം വിഴിഞ്ഞത്ത് പ്രവര്‍ത്തനം തുടങ്ങും. നിലവില്‍ മുന്ദ്ര തുറമുഖത്ത് അദാനി ഗ്രൂപ്പ് എം എസ് സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള ചരക്കുഗതാഗതരംഗത്ത് വലിയ പങ്കുവഹിക്കുന്ന കമ്പനിയുടെ വരവ് വിഴിഞ്ഞം തുറമുഖത്ത് വികസനത്തിന്റെ അനന്തസാധ്യതകള്‍ക്കാണ് വാതില്‍ തുറക്കും.