സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: മിസൈല്‍ ഉള്‍പ്പെടെയുള്ള അതിനിര്‍ണായക വിഷയങ്ങളില്‍ ഇന്ത്യയുമായുള്ള ആഴമേറിയ ബന്ധത്തിനും സഹകരണത്തിനും പകരം വയ്ക്കാവുന്ന മറ്റു ബന്ധങ്ങള്‍ റഷ്യയ്ക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. പാക്കിസ്ഥാനുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി റഷ്യയുടെ ബന്ധം ഇന്ത്യയുമായുള്ള വിശ്വാസാധിഷ്ഠിത ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പുടിന്‍ വ്യക്തമാക്കി. എന്നാല്‍, കശ്മീരുമായി ബന്ധപ്പെട്ട വിഷയത്തില്‍ റഷ്യയുടെ നിലപാട് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. ഈ വിഷയം ഇന്ത്യയെയും പാക്കിസ്ഥാനെയും മാത്രം ബാധിക്കുന്നതാണെന്ന് പുടിന്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഭീഷണിയുടെ ഉറവിടം എവിടെയാണെങ്കിലും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ എന്നും ഇന്ത്യയ്ക്ക് സമ്പൂര്‍ണ പിന്തുണ നല്‍കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചു. വാര്‍ത്താ ഏജന്‍സികളുടെ എഡിറ്റര്‍മാര്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് റഷ്യന്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.