മലബാര്‍ സിമന്റ്സ് അഴിമതി: വിഎം രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം

208

തൃശൂര്‍: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ അറസ്റ്റിലായ വ്യവസായി വിഎം രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് രാധാകൃഷ്ണന്‍ വിജിലന്‍സിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട ഫ്ലൈ ആഷ് ഇറക്കുമതി കേസിലെ മൂന്നാം പ്രതിയാണ് രാധാകൃഷ്ണന്‍. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എആര്‍കെ വുഡ് ആന്‍റ് മിനറല്‍സ് എന്ന സ്ഥാപനം ഫൈ ആഷ് ഇറക്കുമതിക്ക് മലബാര്‍ സിമന്‍റ്സുമായി 2004 ല്‍ കരാറുണ്ടായിരുന്നു. പിന്നീട് ആ കരാറില്‍ നിന്ന് ഏകപക്ഷീയമായി സ്ഥാപനം പിന്‍മാറുകയും, ബാങ്ക് ഗ്യാരണ്ടി പിന്‍വലിക്കുകയും ചെയ്തതിലുടെ മലബാര്‍ സിമന്റ്സിന് 52 ലക്ഷം രൂപ നഷ്‌ടമുണ്ടാക്കിയെന്നാണ് കേസ്. ഒന്നും രണ്ടും പ്രതികളായ മുന്‍ എംഡി കെ പത്മകുമാറിനെയും, ലീഗല്‍ ഓഫീസര്‍ പ്രകാശ് മാത്യുവിനെയും വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിഎം രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.എന്നാല്‍ അപേക്ഷ തള്ളിയ കോടിതി ഒരാഴ്ചയ്ക്കം വിജിലന്‍സിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഒരാഴ്ച തികയാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോള്‍ രാധാകൃഷ്ണന്‍ വിജിലന്‍സിനു മുന്നില്‍ കീഴടങ്ങിയത്.

NO COMMENTS

LEAVE A REPLY