കോഴിക്കോട് : സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2020 മായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച അപേക്ഷകളില്‍ ഒരാഴ്ചയ്ക്കകം തീര്‍പ്പുകല്‍പ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌പെഷ്യല്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവൃത്തി പുരോഗതി വിലയിരുത്തു ന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കല്‍, തിരുത്തലുകള്‍ വരുത്തല്‍, നീക്കം ചെയ്യല്‍, മണ്ഡലം മാറിപ്പോവല്‍ തുടങ്ങിവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളില്‍ ബിഎല്‍ഒമാര്‍ മുഖേന ഫീല്‍ഡ് പരിശോധന നടത്തി സമയ ബന്ധിതമായി തന്നെ തീര്‍പ്പുകല്‍പ്പിക്കണം. നിലവിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുമ്പോള്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നിര്‍ബന്ധമായും നോട്ടീസ് നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
നിയോജക മണ്ഡലം തലത്തില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം വിലയിരുത്തിയ അദ്ദേഹം, ബിഎല്‍ഒമാരുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. ഫീല്‍ഡ്തല പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വീഴ്ച കാണി ക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരക്കാരുടെ പട്ടിക അടിയന്തരമായി തനിക്ക് കൈമാറണമെന്നും ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് അവസാന ഘട്ടത്തിലേക്ക് മാറ്റിവയ്ക്കുന്ന നിലവിലെ രീതി ഒഴിവാക്കണം.
അപേക്ഷകള്‍ കിട്ടുന്ന മുറയ്ക്കു തന്നെ ആവശ്യമായ പരിശോധനകള്‍ നടത്തി നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.ജനുവരി 25ന് ദേശീയ സമ്മതിദായക ദിനം ജില്ലയില്‍ സമുചിതമായി ആചരിക്കാനും അദ്ദേഹം തെരഞ്ഞെ ടുപ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അര്‍ഹരായ മുഴുവന്‍ വോട്ടര്‍മാരെയും പട്ടികയില്‍ പേര് ചേര്‍പ്പി ക്കുന്നതിന് ആവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം.
അര്‍ഹരായ ഒരാള്‍ പോലും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം സംഘടിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 16ന് സമഗ്ര കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ആക്ഷേപങ്ങളും പരാതികളും ഉള്ളവര്‍ക്ക് ജനുവരി 15 വരെ അവ സമര്‍പ്പിക്കാം. ജനുവരി 27നകം പരാതികള്‍ പരിഹരിച്ച് ഫെബ്രുവരി നാലിന് അനുബന്ധ പട്ടികയും ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍പട്ടികയും പ്രസിദ്ധീകരിക്കും.
2020 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്ന എല്ലാവരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണം. ഭിന്നശേഷിക്കാര്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ പ്രത്യേകം ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കരട് വോട്ടര്‍ പട്ടിക താലൂക്ക്, വില്ലേജ് ഓഫീസുകളിലും ബിഎല്‍ഒമാര്‍ വശവും പരിശോധനയ്ക്ക് ലഭിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോര്‍ട്ടലിലും പട്ടിക ലഭ്യമാണ്. പുതുതായി പേര് ചേര്‍ക്കാനും പട്ടികയിലെ തിരുത്തല്‍ വരുത്താനും ആക്ഷേപങ്ങള്‍ ഉന്നയിക്കാനും www.nvsp.in വഴി സാധിക്കും.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ഇ പി മേഴ്‌സി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി കെ ബാബു, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.