സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂർണമായും തൃപ്തികരമായിരുന്നുവെന്നും വോട്ടെടുപ്പ് യന്ത്രങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സംസ്ഥാനത്തെ 25,231 പോളിങ് ബൂത്തുകളിൽ 95 ശതമാനത്തിലും വൈകിട്ട് ആറ് മണിയോടെ തന്നെ വോട്ടെടുപ്പ് പൂർത്തിയായി. 99 ശതമാനം ബൂത്തുകളിലും എട്ട് മണിയോടെ വോട്ടെടുപ്പ് പൂർത്തിയായി. വടകര മണ്ഡലത്തിലെ ചില ബൂത്തുകളിൽ മാത്രമാണ് പിന്നീടും വോട്ടെടുപ്പ് നടന്നത്.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഈ മണ്ഡലത്തിലെ ചില ബൂത്തുകളിൽ കൂടുതൽ വോട്ടർമാർ എത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ കൂടുതൽ ജാഗ്രത കാണിച്ചത് മൂലമാണ് സ്വാഭാവികമായും കൂടുതൽ സമയമെടുത്തത്. ആറ് മണിയോടെ ബൂത്തിലെത്തിയ മുഴുവൻ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരമൊരുക്കുവാനും ഉദ്യോഗസ്ഥർ ജാഗ്രത കാണിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ഉദ്യോഗസ്ഥ വിന്യാസത്തിൽ ബാഹ്യഇടപെടൽ പൂർണമായും ഒഴിവാക്കാൻ ഇക്കുറി ആദ്യമായി നവീനരീതിയാണ് അവലംബിച്ചതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. ഓർഡർ സോഫ്റ്റ് വെയർ ഉപയോഗിച്ച് പക്ഷപാതരഹിതമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയാക്കിയത്. ജില്ലകളിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ സോഫ്റ്റ് വെയറിൽ നൽകി അതിലൂടെ ഇടപെടലുകളില്ലാതെയാണ് ഉദ്യോഗസ്ഥ വിന്യാസം പൂർത്തിയാക്കിയത്.
സ്വാഭാവികമായും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരിൽ മുൻപരിചയമുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. ആവശ്യമായ പരിശീലനം നൽകിയാണ് എല്ലാ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. വോട്ടർമാരുടെ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാണിച്ചത് മൂലമാണ് ചില ബൂത്തുകളിൽ വോട്ടെടുപ്പിന് കൂടുതൽ സമയമെടുത്തത്.
പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയസാഹചര്യങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ മികച്ച പോളിങ്ങാണ് സംസ്ഥാനത്ത് നടന്നതെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. വോട്ടിങ് യന്ത്രങ്ങളുടെ പ്രകടനം വിശകലനം ചെയ്യുമ്പോൾ മുൻതിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പിൽ കുറ്റമറ്റ പ്രവർത്തനമായിരുന്നു ഇവിഎമ്മുകളുടേതെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിങ് യന്ത്രങ്ങളുടെ തകരാർനിരക്ക്. എന്നാൽ ഇക്കുറി ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയിൽ 0.44 ശതമാനം യൂണിറ്റുകൾക്കും വിവിപാറ്റുകളിൽ 2.1 ശതമാനത്തിലും മാത്രമാണ് തകരാറുണ്ടായത്. ഇവിഎം സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നേരത്തെ പ്രചരിച്ചതെല്ലാം വാസ്തവ വിരുദ്ധമാണെന്ന് പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പോടെ ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് ലഭിച്ച എല്ലാഗൗരവമുള്ള പരാതികളും പരിശോധിച്ചതായും അന്വേഷണത്തിൽ അധിക പരാതികളിലും കഴമ്പില്ലെന്ന് വ്യക്തമായതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇരട്ടിപ്പ് കണ്ടെത്തിയ മുഴുവൻ കേസുകളിലും പരിഹാര നടപടിയെടുത്തിട്ടുണ്ട്. അവ നീക്കിയതായും അദ്ദേഹം പറഞ്ഞു. വളരെ ബൃഹത്തും സങ്കീർണവുമായ വോട്ടർപട്ടിക ശുദ്ധീകരണം സൂക്ഷ്മതയോടെ നടത്തിയിട്ടുണ്ട്.
സുഗമമായ വോട്ടെടുപ്പ് തടസ്സപ്പെടുന്ന വിധത്തിലുള്ള ക്രമസമാധാനപ്രശ്നങ്ങളൊന്നും ഇക്കുറി സംസ്ഥാനത്തൊരിടത്തും ഉണ്ടായില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. 66,303 സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എല്ലാ പോളിങ് കേന്ദ്രങ്ങളിലും മികച്ച സുരക്ഷയാണ് ഉറപ്പുവരുത്തിയത്. വോട്ടെടുപ്പിന് ശേഷം മുഴുവൻ വോട്ടിങ് യന്ത്രങ്ങളും സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ ഒരുക്കിയ സ്ട്രോങ് റൂമികളിലെത്തിച്ച് കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇനി വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് അവ പുറത്തെടുക്കുക. സ്വതന്ത്രവും സുതാര്യമായ രീതിയിലും സമാധാനപൂർണമായും വോട്ടെടുപ്പ് പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ വോട്ടർമാരോടും രാഷ്ട്രീയ പാർട്ടികളോടും ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.