തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന് സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരായ ബിജെപിയുടെ നീക്കത്തെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. എംടിക്കെതിരായ സംഘപരിവാര്‍ നീക്കം നിസ്സാരമായി കാണാനാവില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കല്‍ബുര്‍ഗിയെ ചെയ്തതുപോലെ എംടിയെ കൈകാര്യം ചെയ്യാനാണോ സംഘപരിവാര്‍ നീക്കമെന്ന് ചോദിച്ച വിഎസ് ആ മോഹം കയ്യില്‍ വച്ചാല്‍ മതിയെന്നും മുന്നറിയിപ്പ് നല്‍കി. അസഹിഷ്ണുത കേരളത്തിലേക്ക് കടത്താന്‍ സംഘപരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ‘എംടിക്കും കമലിനും എതിരായ പ്രതികരണങ്ങള്‍ ഇതിന് തെളിവാണ്’. അക്ഷരങ്ങളേയും കലയേയും ഫാസിസ്റ്റുകള്‍ക്ക് ഭയമാണെന്നും പിണറായി പറഞ്ഞു.