അടിമാലി: ജില്ലാതല വുഷു ചാമ്പ്യന്‍ഷിപ്പിനിടെ കുഴഞ്ഞുവീണ കായിക താരത്തിന്‍റെ നില ഗുരുതരം. ഉടുന്പന്‍ചോല പ്ലാച്ചേരിയില്‍ പി.ആര്‍. വിഷ്ണു (19) ആണ് ആലുവ രാജഗിരി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ പാറത്തോട് ശ്രീനാരായണ കോളജില്‍ നടന്ന മത്സരത്തിനിടെയാണ് വിഷ്ണു കുഴഞ്ഞുവീണത്. അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഉടന്‍ പാറത്തോട്, അടിമാലി, കോതമംഗലം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലേക്കു മാറ്റി. രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്നുണ്ടായ വീഴ്ചയില്‍ തലഞരന്പ് പൊട്ടിയതാണ് അപകടാവസ്ഥയ്ക്കു കാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.പാറത്തോട് ശ്രീനാരായണ കോളജിലെ ബി.എസ്സി. ഫിസിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ വിഷ്ണു സീനിയര്‍ വിഭാഗം വുഷു മത്സരത്തിലെ ഫൈനലിനു ശേഷം വൈകിട്ട് ആറരയോടെയാണ് കുഴഞ്ഞുവീണത്. മാതാപിതാക്കളായ റജി, ബിജിത എന്നിവര്‍ പുളിയന്മലയിലാണ് താമസം. മാതാപിതാക്കളുടെ സാന്പത്തികസ്ഥിതി മോശമായതിനാല്‍ റെജിയുടെ സഹോദരി സൗദാമിനിയുടെ സംരക്ഷണയിലാണ് വിഷ്ണുവിന്‍റെ പഠനം.