വിവിപാറ്റില്‍ ചിഹ്നം മാറി കാണിച്ചെന്ന ആരോപണം തെളിയിക്കാനായില്ല – പരാതിക്കാരനെതിരെ കേസെടുത്തു.

133

തിരുവനന്തപുരം:വോട്ട് ചെയ്ത ആളുടെ പേരും ചിഹ്നവുമല്ല വിവിപാറ്റ് സ്ലിപ്പിൽ തെളിഞ്ഞതെന്ന ആരോപണം തെളിയിക്കാനാവാത്തതിനേത്തുടർന്ന് പരാതിക്കാരനെതിരെ കേസെടുത്തു. എബിൻ എന്ന യുവാവിനെതിരേയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്.

തകരാറുണ്ടെന്ന് പരാതിപ്പെട്ട മെഷീനിൽ ടെസ്റ്റ് വോട്ട് നടത്തിയിരുന്നു. എന്നാൽ പരാതിക്കാരൻ ഉന്നയിച്ച തകരാർ കെണ്ടെത്താനായില്ല. ഇതേത്തുടർന്നാണ് കേസ്.

പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ 151-ാം നമ്പർ ബൂത്തിലായിരുന്നു എബിൻ വോട്ട് ചെയ്തത്. താൻ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ വിവരങ്ങളല്ല വിവിപാറ്റിൽ വന്നതെന്നായിരുന്നു എബിന്റെ പരാതി. ആരോപണത്തെ തുടർന്ന് റിട്ടേണിങ് ഉദ്യോഗസ്ഥർ എബിനിൽ നിന്ന് പരാതി എഴുതി വാങ്ങി ടെസ്റ്റ് വോട്ട് നടത്താൻ തീരുമാനിക്കുകയായിരുന്നു.

പോളിങ് ഏജന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്. എന്നാൽ ടെസ്റ്റ് വോട്ടിൽ തന്റെ ആരോപണം ശരിയാണെന്ന് തെളിയിക്കാൻ എബിന് കഴിഞ്ഞില്ല. വോട്ടിങ് മെഷീനിൽ ക്രമക്കേട് ആരോപിക്കുന്നവർ പരാതിയിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ അവരിൽ നിന്ന് പരാതി എഴുതി വാങ്ങാനും ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൻ ഉടൻ കേസെടുക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം.

NO COMMENTS