കേരള ബിസിനസ് ടു ബിസിനസ് മീറ്റ് ‘വ്യാപാര്‍ 2017’: നാമകരണവും ലോഗോപ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

209
????????????????????????????????????

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി വ്യവസായ വാണിജ്യ വകുപ്പ് കൊച്ചിയില്‍ നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റിന്റെ ലോഗോ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെ നടക്കുന്ന മീറ്റിന് ‘വ്യാപാര്‍ 2017’ എന്ന നാമകരണവും ശ്രീ പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഭക്ഷ്യ സംസ്‌കരണം, കൈത്തറി, ടെക്‌സ്റ്റൈല്‍സ്, തുണിത്തരങ്ങള്‍, ഫാഷന്‍ ഡിസൈനിങ്, ഫര്‍ണിഷിങ്, റബര്‍-കയര്‍, കരകൗശലം, ആയുര്‍വേദം, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് മേഖലകളിലെ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യയും പരിപോഷിപ്പിക്കാനാണ് വ്യാപാര്‍ 2017 നടത്തുന്നത്. ലോഗോ പ്രകാശനച്ചടങ്ങില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ പോള്‍ ആന്റണി, കെ എസ് ഐ ഡി സി എം ഡി ഡോ എം ബീന, വ്യവസായ-വാണിജ്യ ഡയറക്ടര്‍ ശ്രീ പി എം ഫ്രാന്‍സിസ്, കെ ബിപ് സി ഇ ഓ ശ്രീ വി രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ വ്യാവസായിക ഉല്‍പ്പാദനക്ഷമത പ്രദര്‍ശിപ്പിക്കുക, ബ്രാന്‍ഡ് ചെയ്തതും അല്ലാത്തതുമായ ഉല്‍പ്പന്നങ്ങളെ വിപണിയില്‍ അവതരിപ്പിക്കുക, നിലവിലുള്ള വ്യവസായങ്ങളെ നിലനിര്‍ത്തുകയും വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുക, നിക്ഷേപകരില്‍ താല്‍പര്യം സൃഷ്ടിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുക എന്നിവയും ബിസിനസ് ടു ബിസിനസ് മീറ്റിന്റെ ലക്ഷ്യങ്ങളാണ്.

സംസ്ഥാനത്തിന്റെ വ്യവസായ സംരഭകത്വ മികവ്, തൊഴില്‍ നൈപുണ്യം എന്നിവ രാജ്യത്തും ആഗോള വ്യവസായ സമൂഹത്തിലും പ്രദര്‍ശിപ്പിക്കാനും മീറ്റ് ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ ആഗോള വിപണിയില്‍ പരിചയപ്പെടുത്താന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ് വ്യാപാര്‍ 2017.

വ്യാപാര്‍ 2017ല്‍ പങ്കാളികളാകുന്ന സംരംഭങ്ങളെ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് തിരഞ്ഞെടുക്കുന്നത്. ഇവരുടെ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യകളും വ്യവസായ, വാണിജ്യ സംഘങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. വിപണി സാധ്യതകള്‍ വിപണിയുടെ സ്വഭാവം, ഗുണനിലവാര മാനദണ്ഡങ്ങള്‍ എന്നിവയെപ്പറ്റി ധാരണയുണ്ടാകാന്‍ ഇത് ചെറുകിട സംരംഭകരെ സഹായിക്കും. ബിസിനസ് ഹൗസുകള്‍, ഉപഭോക്താക്കള്‍, വ്യാപാര സംഘങ്ങള്‍, കയറ്റുമതി സംഘങ്ങള്‍, വാണിജ്യ, വ്യവസായ, വിപണന, കയറ്റുമതി സംഘങ്ങളുടെ പ്രതിനിധികള്‍ എന്നിവരാണ് ബയര്‍മാരായി എത്തുക.

ബയര്‍മാര്‍ മീറ്റില്‍ പങ്കെടുക്കാനായി വ്യാപാര്‍ 2017ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.keralabusinessmeet.org വഴി റജിസ്റ്റര്‍ ചെയ്യണം. ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി)യാണ് വ്യാപാര്‍ 2017ന്റെ വ്യവസായ-വാണിജ്യ പങ്കാളി. വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ്, ഹാന്‍ഡ്‌ലൂംസ് ആന്‍ഡ് ടെക്‌സ്റ്റൈല്‍ ഡയറക്ടറേറ്റ്, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് വ്യവസായ-വാണിജ്യ വകുപ്പ് വ്യാപാര്‍ 2017 സംഘടിപ്പിക്കുന്നത്. മേളയുടെ മുഖ്യ സംഘാടനച്ചുമതല കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷ(കെ-ബിപ്)നാണ്.

NO COMMENTS

LEAVE A REPLY