കൊച്ചി: വാണിജ്യ-വ്യവസായ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റായ വ്യാപാര്‍-2017 ന്റെ രണ്ടാം ദിവസം നടന്നത് നാലായിരത്തില്‍പരം കൂടിക്കാഴ്ചകള്‍. രണ്ട് ദിവസം കൊണ്ട് ആറായിരത്തിലേറെ വാണിജ്യ കൂടിക്കാഴ്ചകളാണ് നടന്നത്. രണ്ടാം ദിനത്തില്‍ മാത്രം വിദേശ പ്രതിനിധികളടക്കം 437 ബയര്‍മാരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഓണ്‍ലൈന്‍ മുഖാന്തിരം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു കൂടിക്കാഴ്ചകള്‍ ക്രമീകരിച്ചിരുന്നത്. ആകെ 200 സെല്ലര്‍മാരാണ് വ്യാപാര്‍-2017 ല്‍ പങ്കെടുക്കുന്നത്.
സമാപന ദിവസമായ ഇന്ന് ബോള്‍ഗാട്ടി പാലസിലെ പ്രദര്‍ശനസ്ഥലത്ത് എത്തി രജിസ്റ്റര്‍ ചെയ്യുന്ന പ്രാദേശിക സംരംഭകര്‍ക്ക് സ്റ്റാളുകളില്‍ പ്രവേശനം അനുവദിക്കും. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് കൂടിക്കാഴ്ചകള്‍ക്ക് അവസരമുള്ളത്.
സംസ്ഥാനത്തെ ചെറുകിട-സൂക്ഷ്മ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിപണന സാധ്യതകള്‍ വിപൂലീകരിക്കുന്നതിനും വേണ്ടിയാണ് വാണിജ്യ-വ്യവസായ വകുപ്പ് വ്യാപാര്‍-2017 സംഘടിപ്പിച്ചു വരുന്നത്. ബയര്‍മാരും സെല്ലര്‍മാരുമായുള്ള കൂടിക്കാഴ്ചകള്‍ ക്രമീകരിക്കുന്നതും നിയന്ത്രിക്കുന്നതും ഫിക്കി കേരള ഘടകമാണ്.