കൊച്ചി: മാലിന്യസംസ്‌കരണമെന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്ന മലയാളിക്കുവേണ്ടി അഞ്ചു സെന്റില്‍ ഒരു പാരിസ്ഥിതിക പ്രശനവുമില്ലാതെ മാലിന്യപ്ലാന്റ് സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി വ്യാപാര്‍-2017 ല്‍ ജപ്പാന്‍ പ്രതിനിധി സംഘം. സാങ്കേതികവിദ്യാ കൈമാറ്റമുള്‍പ്പെടെയാണ് ജപ്പാന്‍ സംഘം സംസ്ഥാനത്തിന് വാഗ്ദാനം ചെയ്യുന്നത്. കേരളത്തിലെ ഓരോ പഞ്ചായത്തിനും പിന്തുടാവുന്നതാണ് ഈ മാതൃക. ഫലപ്രദവും പരിസരവാസികള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തതുമാണ് പദ്ധതി.പ്ലാന്റിന് ചുറ്റുമുള്ള സ്ഥലം കുട്ടികള്‍ക്കായുള്ള കളിസ്ഥലവും വിശ്രമകേന്ദ്രവുമാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് രൂപരേഖ. ദിവസം 5 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍ 15 ദിവസം കൊണ്ട് മാലിന്യം വളമാക്കി മാറ്റാം.
കേരളം ഇന്നനുഭവിക്കുന്നതിനേക്കാള്‍ ഭീകരമായിരുന്നു അമ്പത് വര്‍ഷം മുമ്പ് ജപ്പാനിലെ ഒട്ടു മിക്ക പ്രവിശ്യയിലും മാലിന്യപ്രശ്‌നം. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരിസ്ഥിതിയുള്ള സ്ഥലമായി ജപ്പാന്‍ മാറിയത് വികേന്ദ്രീകൃത മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികളിലൂടെയാണ്. ജപ്പാനും കേരളവും തമ്മിലുള്ള വാണിജ്യബന്ധം വര്‍ധിപ്പിക്കാന്‍ വേണ്ടി രൂപം നല്‍കിയ ് ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള(ഇന്‍ജാക്ക്)-യുടെ ആഭിമുഖ്യത്തിലാണ് സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാര്‍-2017 ല്‍ ജപ്പാനിലെ സാനിന്‍ പ്രവിശ്യയില്‍ നിന്നും 39 അംഗ പ്രതിനിധി സംഘം എത്തിയത്.
നാലു കമ്പനികളുടെ പ്രതിനിധികളാണിവര്‍. ഇതില്‍ മൂന്നും മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ടവയാണ്. ഭൂപ്രകൃതി, ജനസംഖ്യ, ആയുര്‍ദൈര്‍ഘ്യം എന്നിവയുടെ കാര്യത്തില്‍ ജപ്പാനും കേരളവും തമ്മില്‍ അഭേദ്യമായ സാദൃശ്യമുണ്ടെന്ന് ഇന്‍ജാക്ക് പ്രസിഡന്റ് ടി ബാലകൃഷ്ണന്‍ പറഞ്ഞു. അതുകൊണ്ടു തന്നെയാണ് മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തിലും കേരളത്തിന് ഏറ്റവും അനുയോജ്യമായ പദ്ധതി നിര്‍ദ്ദേശിക്കാന്‍ ജപ്പാന് സാധിക്കുന്നത്. കേരളത്തിലെ ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണുകയെന്നതാണ് ഇന്‍ജാക്കിന്റെ ലക്ഷ്യങ്ങളിലൊന്ന്. മാലിന്യ പ്രശ്‌നം രൂക്ഷമായിരിക്കുന്ന കൊച്ചി കോര്‍പറേഷനുമായി പ്ലാന്റിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സംസ്ഥാന ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ കളമശ്ശേരി, തൃക്കാക്കര, ചേരാനെല്ലൂര്‍ പഞ്ചായത്തുകളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തന്നെ നോഡല്‍ ഓഫീസറെ നിയോഗിച്ച് ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടത്തി വരുന്നതായും ടി ബാലകൃഷ്ണന്‍ പറഞ്ഞു.
ഖര, ദ്രവ്യ, വായു മലിനീകരണം തടയുന്നതിനു വേണ്ടിയുള്ള പദ്ധതികളാണ് ജപ്പാന്‍ പ്രതിനിധ സംഘം അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ വയോജനക്ഷേമത്തിനു വേണ്ടിയുള്ള യന്ത്രസാമഗ്രികളും വ്യാപാര്‍ 2017 ല്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘവും ജപ്പാനിലെ സാനിന്‍ പ്രവിശ്യയില്‍ നിന്നുള്ള അഞ്ചംഗ മേയര്‍ സമിതിയും ധാരണാപത്രം ഒപ്പിട്ടത്. 2020 ഓടെ ഇരു രാജ്യങ്ങളും തമ്മില്‍ 100 കമ്പനികളുമായി വാണിജ്യ സഹകരണം ഉണ്ടാക്കാനാണ് ഇന്‍ജാക്ക് ലക്ഷ്യമിടുന്നത്.