ചെറുകിട-സൂക്ഷ്മ വ്യവസായങ്ങളുടെ സാങ്കേതികത്തികവ് വിളിച്ചോതി വ്യാപാര്‍-2017

242

കൊച്ചി: പരമ്പരാഗത മേഖലകളില്‍ മാത്രമെ ചെറുകിട-സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് സാധ്യതയുള്ളു എന്ന മുന്‍ധാരണ തിരുത്തിക്കുറിക്കുകയാണ് സംസ്ഥാന വ്യവസായ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ചിട്ടുള്ള ബിസിനസ്-ടു-ബിസിനസ് മീറ്റായ വ്യാപാര്‍-2017. ആളില്ലാ വിമാനം, യന്ത്രമനുഷ്യന്‍, നാരങ്ങാപിഴിയല്‍ യന്ത്രം തുടങ്ങി സാങ്കേതികത്തികവും നൂതനത്വവും വെളിവാക്കുന്ന നിരവധി പ്രദര്‍ശന ഇനങ്ങളാണ് ഇവിടെയുള്ളത്. വൈവിദ്ധ്യമുള്ള ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന 200 സ്റ്റാളുകളാണ് വ്യാപാറിലുള്ളത്. സന്ദര്‍ശകരില്‍ കൗതുകമുണ്ടാക്കുന്ന നാരങ്ങാപിഴിയല്‍ യന്ത്രത്തിന് നിരവധി അന്വേഷണങ്ങള്‍ ലഭിച്ചിട്ടുണ്ട്. കണ്‍മുന്നില്‍ വച്ചുതന്നെ നാരങ്ങ പിഴിഞ്ഞ് അഞ്ച് വ്യത്യസ്ത രുചികളില്‍ ഉപഭോക്താവിന് ലഭ്യമാക്കുന്നതാണ് യന്ത്രം. സെന്‍ഡുകള്‍ക്കുള്ളില്‍ നാരങ്ങാവെള്ളം ലഭിക്കുന്ന ഈ യന്ത്രം ഇതിനകം തന്നെ കൊച്ചി നഗരത്തിലെ മാളുകളിലും സ്‌റ്റേഡിയത്തിലും സ്ഥാപിച്ചു കഴിഞ്ഞു.

പ്രതിരോധരംഗത്തെ സ്വദേശിവത്കരണത്തില്‍ നിര്‍ണായക പങ്കു വഹിക്കാനാവുന്ന പ്രദര്‍ശനമാണ് എസ്തര്‍ ഏവിയോണിക്‌സ് ഒരുക്കിയിട്ടുള്ളത്. ആളില്ലാവിമാനമാണ് ഇവരുടെ ഉത്പന്നം. നിലവില്‍ ഇന്ത്യയിലെ പ്രതിരോധരംഗം വിദേശ ഉത്പന്നങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നതെന്ന് കമ്പനിയുടെ ഗവേഷക വിഭാഗം തലവന്‍ ബെന്യാമിന്‍ ജോര്‍ജ് പറയുന്നു. എന്നാല്‍ വിദേശ ഉത്പന്നങ്ങളേക്കാള്‍ ഗുണമേന്മയേറിയതും ചെലവ് കുറഞ്ഞതുമായ ഉപകരണങ്ങളാണ് തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആളില്ലാ വിമാനത്തിന്റെ മാതൃക ഇതിനകം തന്നെ ഡിആര്‍ഡിഒ, ബിഎസ്എഫ് എന്നിവയ്ക്ക സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രദര്‍ശനങ്ങളും ഇവര്‍ ഒരുക്കാറുണ്ട്.

മികച്ച സാങ്കേതികത്തികവുള്ള ഗുണനിലവാരമുള്ള പ്രതിരോധ ഉപകരണങ്ങള്‍ നമ്മുടെ സേനാവിഭാവങ്ങള്‍ക്ക് നല്‍കുന്ന തരത്തില്‍ സംസ്ഥാനത്തെ ചെറുകിട-സൂക്ഷ്മ വ്യവസായങ്ങളെ വളര്‍ത്തിയെടുക്കാന്‍ വാണിജ്യ-വ്യവസായ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് ഡയറക്ടര്‍ ശ്രീ പിഎം ഫ്രാന്‍സിസ് പറഞ്ഞു. മൊബൈല്‍ ഫോണുകളുടെ ടച്ച് സ്‌ക്രീന്‍ നിലവാരം ഉറപ്പുവരുത്താന്‍ ശസ്ത്ര റോബോട്ടിക്‌സ് തയാറാക്കിയ റോബോട്ട് കാണികളില്‍ കൗതുകമുണര്‍ത്തുന്നുണ്ട്. ടച്ച് സ്‌ക്രീനുകളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുവാന്‍ തങ്ങളുടെ സാങ്കേതികത്തികവിന് സാധിക്കുമെന്ന് ഡിസൈന്‍ എന്‍ജിനീയര്‍ ജി.അര്‍ജുന്‍ അവകാശപ്പെട്ടു. പാലക്കാട് ഗവ. എന്‍ജീനിയറിംഗ് കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ് ആണ് ഇതിന് രൂപം നല്‍കിയത്. ബഹുരാഷ്ട്ര കമ്പനിയായ ബോഷ് ശസ്ത്രയുടെ ഉപഭോക്താവാണ്. ഇതു കൂടാതെ നാണയം ഇടുമ്പോള്‍ കുടിവെള്ളം ലഭിക്കുന്ന വാട്ടര്‍ എടിഎം, ശരീരത്തിലെമുറിവും, ഭക്ഷ്യമാംസവും മറ്റും ശുചിയാക്കുന്ന ഓസോണൈസര്‍ എന്നിവയും സന്ദര്‍ശകരില്‍ താത്പര്യമുണര്‍ത്തുന്നു.

NO COMMENTS

LEAVE A REPLY