കൊച്ചി : പതിവില്‍നിന്ന് വ്യത്യസ്തമായ യാത്രാനുഭവങ്ങളും താമസവും ഒരുക്കുന്ന മലയാളി സ്റ്റാര്‍ട്ടപ് കമ്പനി പ്രവര്‍ത്തനമാരംഭിച്ച് ഏഴു മാസത്തിനുള്ളില്‍ 6.8 കോടി രൂപ(ഒരു ദശലക്ഷം യുഎസ് ഡോളര്‍)യുടെ വിദേശ സീഡ് ഫണ്ടിംഗ് സ്വന്തമാക്കി.
ബംഗലുരു ആസ്ഥാനമായ വാണ്‍ഡര്‍ ട്രെയ്ല്‍സാണ് (www.wandertrails.com) അത്യപൂര്‍വമായ ഈ നേട്ടം കൈവരിച്ചത്. രാജ്യത്തുടനീളം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും വര്‍ദ്ധിച്ചുവരുന്ന ഉപയോക്താക്കള്‍ക്കായി കൂടുതല്‍ നവീനമായ ഉത്പ്പന്നങ്ങള്‍ ഒരുക്കാനുമുള്ള സാമ്പത്തിക അടിത്തറ നേടാനുമാണ് ഈ ധനസഹായത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനോടകം കൊച്ചിയിലും ഡല്‍ഹിയിലും കമ്പനി ഓഫീസ് തുറന്നുകഴിഞ്ഞു.
ഓണ്‍ലൈനിലൂടെ വ്യത്യസ്ത രീതിയിലുള്ള താമസവും മറ്റ് യാത്രാപരിപാടികളും അനുഭവവേദ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശൃംഖല 2020-ഓടെ വികസിപ്പിച്ചെടുക്കാനാണ് വാണ്‍ഡര്‍ ട്രെയ്ല്‍സ് ലക്ഷ്യമിടുന്നത്. അയ്യായിരത്തിലേറെ താമസസ്ഥലങ്ങളും 12 സംസ്ഥാനങ്ങളിലായുള്ള 65 ലക്ഷ്യസ്ഥാനങ്ങളിലെ യാത്രാപരിപാടികളും വെബ്‌സൈറ്റിലൂടെ കമ്പനി നല്‍കുന്നു.
കഴിഞ്ഞ ജൂലൈയില്‍ തുടക്കമിട്ട വാണ്‍ഡര്‍ ട്രെയ്ല്‍സ് യു.കെ. ആസ്ഥാനമായ വെഞ്ചര്‍ ക്യാപ്പിറ്റല്‍ കമ്പനിയായ ഏള്‍സ്ഫീല്‍ഡ് ക്യാപ്പിറ്റലില്‍നിന്നാണ് ഫണ്ട് നേടിയത്. സംരംഭകര്‍ തന്നെ പിന്നീട് നിക്ഷേപകരായി ആരംഭിച്ച സ്ഥാപനമാണ് ഏള്‍സ്ഫീല്‍ഡ്.
പ്രക്ഷുബ്ധമായ നിക്ഷേപക അന്തരീക്ഷത്തിലാണ് തങ്ങള്‍ ഒരു ദശലക്ഷം യുഎസ് ഡോളര്‍ ഫണ്ട് നേടിയതെന്ന് വാണ്‍ഡര്‍ ട്രെയ്ല്‍സ് സഹസ്ഥാപകനും സിഇഒയുമായ വിഷ്ണു മേനോന്‍ പറയുന്നു. ഇത് കമ്പനിയുടെ വീക്ഷണത്തിന്‍മേലുള്ള വിശ്വാസമുറപ്പിക്കലാണ്. കമ്പനിയുടെ ഇന്ത്യയിലെ വികസനപദ്ധതികള്‍ നിര്‍വഹിക്കുന്നതിന് ഇത് ശക്തമായ സാമ്പത്തിക സുരക്ഷിതത്വം നല്‍കുമെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബെയ്ന്‍ ആന്‍ഡ് കമ്പനിയില്‍ കണ്‍സള്‍ട്ടന്റായിരുന്നു കൊല്‍ക്കത്ത ഐഐഎം-ല്‍നിന്നുള്ള എംബിഎ ബിരുദധാരിയായ വിഷ്ണു.
വാണ്‍ഡര്‍ ട്രെയ്ല്‍സിന്റെ കാര്യനിര്‍വഹണശേഷിയിലും ചെറിയകാലയളവുകൊണ്ട് മൂലധനം മികച്ച രീതിയില്‍ ഉപയോഗിച്ച് അവര്‍ സൃഷ്ടിച്ചെടുത്ത ഉത്പ്പന്ന ശൃംഖലയിലും മികച്ച അഭിപ്രായമാണുള്ളതെന്ന് ഏള്‍ഡ്ഫീല്‍ഡ് മാനേജിംഗ് പാര്‍ട്ട്‌നര്‍ മീരജ് ആലം പറയുന്നു. ഇന്ത്യയില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ള അവരുടെ ഉപയോക്താക്കളോടു സംസാരിച്ചതില്‍നിന്ന് വളരെ നല്ല വിലയിരുത്തലാണ് സ്ഥാപനത്തിനെക്കുറിച്ച് ലഭിച്ചത്. വിനോദസഞ്ചാരത്തില്‍ ഇതാണ് അടുത്ത ചുവടുവയ്‌പ്പെന്ന് വിശ്വസിക്കുന്നു. ശക്തമായ അടിത്തറയോടുകൂടിയ ശക്തമായ വ്യവസായമാണ് വാണ്‍ഡര്‍ ട്രെയ്ല്‍സ് എന്ന് മീരജ് കൂട്ടിച്ചേര്‍ത്തു.
ഹോംസ്‌റ്റേ, ട്രീഹൗസ്, ഹൗസ്‌ബോട്ട്, ഹെറിറ്റേജ് ഹോംസ്, ടെന്റുകളുള്ള ക്യാംപുകള്‍, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ വിവിധ താമസസ്ഥലങ്ങള്‍ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ട്രെക്കിംഗ്, ഹെറിറ്റേജ് വാക്ക്, ആര്‍ട്ട് ട്രെയ്ല്‍, സൈക്ക്‌ളിംഗ് സവാരികള്‍ എന്നിങ്ങനെ വിവിധ യാത്രാപരിപാടികളും തെരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്ക് താമസവും യാത്രാപരിപാടിയും ബുക്ക് ചെയ്യുകയോ അവയിലൂടെ വേറിട്ട യാത്രാപരിപാടി തയ്യാറാക്കുകയോ ചെയ്യാവുന്നതാണ്. പ്രതീക്ഷിക്കപ്പെടുന്നതിനപ്പുറം പോവുക എന്നതാണ് കമ്പനിയുടെ സവിശേഷത. ജംഗ്ള്‍ ലോഡ്ജിലെ താമസവും ജംഗ്ള്‍ സഫാരിയും, ആദിവാസി ഊരിലെ താമസവും മൂപ്പനൊപ്പം തേന്‍ ശേഖരണവും, മരുഭൂമി ക്യാംപിലെ താമസവും ഒട്ടകസവാരിയും, ഹിമാലയ താഴ്‌വരയിലെ ആപ്പിള്‍ തോട്ടത്തില്‍ താമസവും യോഗയും എന്നിങ്ങനെ പതിവില്‍നിന്ന് വ്യത്യസ്തമായ സവിശേഷ ഉത്പന്നങ്ങളും പുതുയുഗ യാത്രികരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനായി സൃഷ്ടിച്ചവയാണെന്ന് വിഷ്ണു പറയുന്നു.
അതുകൊണ്ടാണ് സാധാരണരീതിയിലെ ഹോട്ടലുകള്‍ വാണ്‍ഡര്‍ട്രെയ്ല്‍സ്.കോമില്‍ ലിസ്റ്റ് ചെയ്യപ്പെടാത്തത്. അത്തരം ഹോട്ടലുകളില്‍ സേവനം നല്‍കുന്ന നിരവധി വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ ശ്രദ്ധ ഏറ്റവും മികച്ച അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനാണെന്നും ഇതിലേക്കായി തെരഞ്ഞെടുക്കപ്പെട്ട താമസസ്ഥലങ്ങളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും വിഷ്ണു വ്യക്തമാക്കി.
യാത്രകള്‍ തെരഞ്ഞെടുക്കാന്‍ സഹായം ആവശ്യമുള്ള യാത്രികര്‍ക്ക് യാത്രാപരിപാടികളുടെ സൂക്ഷ്മ വിശദാംശങ്ങള്‍വരെ നിര്‍ണയിക്കാന്‍ മികച്ച കസ്റ്റമര്‍ സര്‍വീസുണ്ട്. ഓരോ ഉപയോക്താവും കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി മാറണമെന്നാണ് ആഗ്രഹമെന്ന് വിഷ്ണു പറയുന്നു. ഇതിനായി ആദ്യഘട്ട ഇടപെടലുകള്‍ മുതല്‍ യാത്രയുടെ ഓരോ ഘട്ടത്തിലും മികച്ച സേവനം നല്‍കി ഉപയോക്താവിന്റെ വിശ്വാസ്യത നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.