വാഷിങ്ടന്‍• പുക ഉയരുന്നതു കണ്ടതിനെത്തുടര്‍ന്ന് 223 യാത്രക്കാരുമായി പറന്നുയര്‍ന്ന ലുഫ്താന്‍സ വിമാനം അടിയന്തരമായി നിലത്തിറക്കി. യുഎസിലെ വിര്‍ജിനിയയില്‍നിന്ന് ജര്‍മനിയിലെ മ്യൂണിക്കിലേക്കു പറന്ന എയര്‍ബസ് എ330-300 വിമാനമാണു ബോസ്റ്റണില്‍ ഇറക്കിയത്. വിമാനത്തിനുള്ളിലെ കോഫി മേക്കറില്‍നിന്നാണ് പുകയുയര്‍ന്നത്. ഈമാസം എട്ടിന് പുലര്‍ച്ചെ 2.06നു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്.
വിമാനത്തിനുള്ളില്‍നിന്നു എന്തോ കരിയുന്ന മണം വരുന്നതായി ഒരു യാത്രക്കാരന്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഗ്രൗണ്ട് സ്റ്റാഫിനെ പൈലറ്റ് വിവരം അറിയിക്കുകയും വിമാനം നിലത്തിറക്കുകയുമായിരുന്നു. 16 മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം യാത്ര പുനഃരാരംഭിച്ചത്.ബോസ്റ്റണിലിറക്കിയ വിമാനം വിശദമായി പരിശോധിക്കുകയും കോഫി മേക്കര്‍ ചൂടായതിന്റെ മണമായിരുന്നു ഉണ്ടായതെന്നു സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു. വിമാനത്തിനു മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല.