തിരുവനന്തപുരം : വൻകിട സൗരോർജ്ജ പദ്ധതികൾ ആരംഭിക്കാൻ ജല അതോറിട്ടിയും ഇറിഗേഷൻ വകുപ്പും തയ്യാറെടുക്കുന്നു. ലഭ്യമായ പ്രദേശങ്ങളിലെല്ലാം സോളാർ പാനലുകൾ സ്ഥാപിച്ച് സൗരോർജ്ജം ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. ജലഅതോറിട്ടി അനെർട്ടുമായി സഹകരിച്ചാണ് വൈദ്യൂതി നിർമ്മിക്കുന്നത്. ഇറിഗേഷൻ വകുപ്പ് കെ.എസ്.ഇബിയുമായി സഹകരിച്ച് സൗരോർജ്ജ പാനലുകൾ സ്ഥാപിക്കും. ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചീഫ് എൻജിനിയർമാരുടെ യോഗത്തിലാണ് തീരുമാനം.
മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയും സന്നിഹിതനായിരുന്നു. ജലസേചനവകുപ്പിന്റെ പദ്ധതി പ്രദേശങ്ങളിലും ഡാമുകളുടെ വൃഷ്ടി പ്രദേശത്തും സൗരോർജ്ജ പാനലുകൾ സ്ഥാപിക്കും. ഇതിന് കെ.എസ്.ഇ.ബിയുമായി സഹകരിച്ച് വിശദപദ്ധതി രേഖ തയാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഈ വൈദ്യുതിയിൽ ഇറിഗേഷൻ വകുപ്പിന്റെ ആവശ്യംകഴിഞ്ഞുള്ളത് കെഎസ്ഇബിക്ക് കൈമാറും. സമാനരീതിയിൽ അനെർട്ടുമായി സഹകരിച്ച് ജല അതോറിട്ടിയും പദ്ധതി തയാറാക്കും. ഡാമുകൾ കേന്ദ്രീകരിച്ചും പദ്ധതി പ്രദേശങ്ങളിലെ ഒഴിഞ്ഞ ഇടങ്ങൾ കേന്ദ്രീകരിച്ചും സൗരോർജ്ജ പാനലുകൾ സ്ഥാപിക്കും. ഇതിന് പുറമേ അനെർട്ടുമായി സഹകരിച്ച് പുരപ്പുറ സൗരോർജ്ജ പദ്ധതിയും ജല അതോറിട്ടി തയാറാക്കിയിട്ടുണ്ട്.
ഇതിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. ജല അതോറിട്ടിയുടെ കേന്ദ്രകാര്യാലയത്തിൽ 25 കെ.വി. സൗരോർജ്ജ നിലയമാണ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തത്. തിരുമല, ആറ്റുകാൽ എന്നിവിടങ്ങളിൽ 100 കെ.വിയുടെ വീതവും ഒബ്സർവേറ്ററിയിൽ 60 കെവിയുടെയും നിലയങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു. 2.83 കോടി രൂപയാണ് നാല് പദ്ധതികളുടെയും ആകെ ചെലവ്. മറ്റ് ജില്ലകളിലെ ഓഫീസ് മന്ദിരങ്ങളിലും പുരപ്പുറ സൗരോർജ്ജ ഉത്പാദനം ആരംഭിക്കും. ഇതു സംബന്ധിച്ചുള്ള വിശദ പദ്ധതി രേഖ തയാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
സൗരോർജ്ജ ഉത്പാദനത്തിലൂടെ ജല അതോറിട്ടിയുടെ നഷ്ടം കുറയ്ക്കാനാണ് ശ്രമം.
നിലവിൽ പ്രതിമാസം 30 കോടി രൂപയാണ് വൈദ്യുതി ബില്ലായി ജല അതോറിട്ടി നൽകേണ്ടിവരുന്നത്. പ്രതിവർഷം 360 കോടിരൂപ. ഇപ്പോൾതന്നെ 1500 കോടിയോളം രൂപ കുടിശികയുണ്ട്. ഈ തുക കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സൗരോർജ്ജ് പദ്ധതികളുടെ സാധ്യത ആരായാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചത്. പദ്ധതി പൂർണമായി നടപ്പാകുന്നതോടെ വൈദ്യുതി ചെലവ് ഒഴിവാക്കാനാകുമെന്ന് മാത്രമല്ല, അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകി കുടിശിക പരിഹരിക്കാനുമാവും.