കുടിവെള്ള പൈപ്പ് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു

166

പത്തനംതിട്ട: തിരുവല്ലയില്‍ അപ്പര്‍കുട്ടനാട്ടിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. ഇതോടെ പായിപ്പാട് പഞ്ചായത്തിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതായി. പായിപ്പാട് മേപ്രാലില്‍ പെരിന്പുഴക്കടവിന് സമീപത്താണ് പ്രധാന കുടിവെള്ള വിതരണ പൈപ്പ് തീയിട്ട് നശിപ്പിച്ചത്. പൈപ്പ് ഉരുകി അടര്‍ന്ന് മാറിയ നിലയിലാണ് . പായിപ്പാട് പഞ്ചായത്തിലെ കോമങ്കേരി ചിറ, മൂലേ പൊതുവല്‍, അറുന്നൂറ് പൊതുവല്‍, നക്രാ പൊതുവല്‍ തുടങ്ങിയ പ്രദേശത്തേക്ക് ജലമെത്തിച്ചിരുന്നത് ഈ പൈപ്പിലൂടെയായിരുന്നു. കുടിവെള്ള വിതരണം ഏറെ നാളായി മുടങ്ങിക്കിടന്ന പ്രദേശത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് പൈപ്പിലെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ജലവിതരണം പുനസ്ഥാപിച്ചത്. മേഖലയില്‍ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. സാമൂഹ്യ വിരുദ്ധരാണ് പൈപ്പിന് തീയിട്ടതെന്ന് പഞ്ചായത്തും ആരോപിക്കുന്നു. പൈപ്പ് തകരാറിലായതോടെ മേപ്രാലില്‍ വീണ്ടും കുടിവെള്ള ക്ഷാമം രൂക്ഷമായി. വാട്ടര്‍ അതോറിറ്റിയും , നാട്ടുകാരും നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ പൊലീസ് നടപടി എടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY