തിരുവനന്തപുരം : ജലവിഭവ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി ജില്ലകളിൽ സന്ദർശനം നടത്തുന്നു.
ജലസേചനം, ജല അതോറിട്ടി, ഭൂഗർഭജലം, ജലനിധി തുടങ്ങി വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളുടെയും പ്രവർത്തനം വിലയിരുത്തു കയാണ് സന്ദർശന ലക്ഷ്യം.
ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാൻ നിലവിൽ ഈ ഓഫീസുകൾക്ക് കഴിയുന്നുണ്ടോയെന്നും പരിശോധിച്ച് ആവശ്യമായ തുടർനടപടി നിർദേശങ്ങൾ നൽകും. ഈ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് വകുപ്പുതലത്തിലും പരിശോധിക്കും. ഇതോടൊപ്പം വിവിധ കർഷക സംഘടനാ പ്രതിനിധികളുമായും ചർച്ച നടത്തും.
കോട്ടയം ജില്ലയിലാണ് ആദ്യപര്യടനം. തിങ്കളാഴ്ച (29/07/2019) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കളക്ടറേറ്റിലാണ് അവലോകന യോഗം നടക്കുന്നത്. ചീഫ് എൻജിനീയർമാർ, സൂപ്രണ്ടിംഗ് എൻജിനീയർമാർ, ബന്ധപ്പെട്ട ഓഫീസുകളിലെ ഉദ്യേഗാസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് മീനച്ചിലാർ-മീന്തറയാർ ലിങ്ക് കനാൽ ലിഫ്ട് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
വൈകിട്ട് നാലിന് പറത്തോടിൽ ജലനിധിയുടെ ചടങ്ങിലും പങ്കെടുക്കും. 4.30 ന് ഇൻഫാം പ്രതിനിധികളുമായി ചർച്ച നടത്തും. പത്തനംതിട്ട ജില്ലയിലാണ് മന്ത്രിയുടെ അടുത്ത സന്ദർശനം. ആഗസ്റ്റ് രണ്ടിന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് അവലോകനയോഗം നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ജില്ലകളിലും അവലോകന യോഗങ്ങൾ നടത്തും.