കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 135 ആയി. മുണ്ടക്കൈ ഭാഗത്തെ തിരച്ചിൽ ഇന്നലെ (ചൊവ്വാഴ്ച്) രാത്രിയോടെ നിർത്തി. ഇന്ന് (ബുധനാഴ്‌ച) പുലർച്ചെ പുനരാരംഭിക്കും. മേപ്പാടിക്കടുത്തുള്ള ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടലു കളുണ്ടായത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചുപോകുകയും ചെയ്‌തി ട്ടുണ്ട്. നിരവധിപേർ ഇനിയും ദുരന്ത മേഖലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് ആശങ്ക.
ഉരുൾപൊട്ടൽ കനത്ത നാശംവിതച്ച ചൂരൽമലയിൽ നിർമിച്ച താത്കാലിക പാലത്തിലൂടെ അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തി. സൈന്യവും കേരള ഫയർ ഫോഴ്സും സംയുക്തമായാണ് പാലം നിർമ്മിച്ചത്.
രക്ഷാപ്രവർത്തനം രാത്രിയും തുടരുകയാണ്. ഉച്ചകഴിഞ്ഞ് സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്സി) സെൻ്ററിൽനിന്ന് 200 സൈനികരുള്ള ഇന്ത്യൻ ആർമിയുടെ രണ്ട് വിഭാഗങ്ങൾ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്.
കണ്ണൂരിലെ സൈനിക ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയൽ ആർമിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.