വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ ഉണ്ടായ ദുരന്തം ഹൃദയഭേദകമാണെന്നും സാധ്യമായ എല്ലാ ശക്തിയും മാർഗവും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിതീവ്ര മഴയിലെ ഉരുൾപൊട്ടലിൽ ഒരു പ്രദേശമാകെ ഇല്ലാതെയായി. രാത്രിയിൽ ഉറങ്ങാൻ കിടന്നവരാണ് അപകടത്തിൽപെട്ടത്. ഒട്ടേറെപ്പേർ ഒഴുകിപ്പോയി.
ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. 4.10 ഓടെ വീണ്ടും ഉരുൾപൊട്ടി. മേപ്പാടിയും മുണ്ടക്കൈയും ചൂരൽമല ഉൾപ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടുപോവുകയും ചൂരൽമല, മുണ്ടക്കൈ റോഡ് ഒലിച്ചുപോകുന്ന നിലയുണ്ടാവു കയും ചെയ്തു. ഇവിടെയുള്ള വെള്ളാർമല ജി വി എച്ച് സ്‌കൂൾ പൂർണ്ണമായും മണ്ണിനടിയിലായി. ഇരുവഴിഞ്ഞിപ്പുഴ രണ്ടായി ഒഴുകുക യാണ്. വീടുകൾക്കും ജീവനോപാധികൾക്കുമേറ്റത് വലിയ നാശനഷ്ടമാണ്. മണ്ണിനടിയിൽ പെട്ടവരും ഒഴുക്കിൽ പെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമം തുടരും.
ദുരന്ത വിവരം അറിഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് എന്നിവരുൾപ്പെടെ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷി ക്കുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മുൻ പ്രതിപക്ഷ നേതാവ് തുടങ്ങി ഒട്ടേറെ പേർ വിളിച്ച് ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.
വയനാട്ടിലെ പ്രവർത്തനങ്ങൾ അഞ്ച് മന്ത്രിമാർ ഏകോപിപ്പിക്കുന്നുണ്ട്. പരമാവധി ജീവനുകൾ രക്ഷിക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാനും മറ്റുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനുമാണ് ശ്രമിക്കുന്നത്.
ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, പോലീസ്, തുടങ്ങിയ വിവിധ സേനകൾ യോജിച്ച് പ്രവർത്തിക്കുകയാണ്. സൈനിക വിഭാഗ ങ്ങളുടെ സഹായവും അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കിയിട്ടുണ്ട്. കരസേനയുടെയും നാവിക സേനയുടെയും വിവിധ വിഭാഗ ങ്ങൾ രക്ഷാ പ്രവർത്തനത്തിനെത്തുന്നുണ്ട്. ഫയർ ഫോഴ്സിൽ നിന്നും 329 അംഗങ്ങളെ വിവിധ ജില്ലകളിൽ നിന്നായി വയനാടിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതിൽ വാട്ടർ റെസ്‌ക്യൂ അക്കാദമിയിലെ 35 ട്രെയിൻഡ് അംഗങ്ങളും, 86 സിവിൽ ഡിഫെൻസ്, ആപ്ത മിത്ര അംഗങ്ങളും ഉൾപ്പെടുന്നു. എൻഡിആർഎഫിന്റെ 60 അംഗ ടീം വയനാട്ടിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു വരുന്നു.
ബാംഗ്ലൂരിൽ നിന്നുള്ള സംഘം വയാനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡിഎസ്‌സിയുടെ 64 പേരടങ്ങുന്ന ടീം വയനാട് എത്തിയിട്ടുണ്ട്. 89 പേരുടെ ടീം പുറപ്പെട്ടിട്ടുമുണ്ട്. മറ്റൊരു ഡിഎസ്‌സി ടീം കണ്ണൂരിൽ സജ്ജമാണ്. നേവിയുടെ റിവർക്രോസിങ്ങ് ടീമിനായും ഇടിഎഫ് ആർമിയുടെ ഒരു ടീമിനായും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ടീമിനായും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള 30 പേരടങ്ങുന്ന എൻ ഡി ആർ എഫ് ടീമുകളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും നിയോഗിച്ചിട്ടുണ്ട്. ആരക്കോണത്ത് നിന്നുള്ള സംഘം പാലക്കാട്ടേക്കും പുറപ്പെട്ടിട്ടുണ്ട്.
ലോക്കൽ പോലീസിനെ കൂടാതെ കേരള ആംഡ് പോലീസ് ബറ്റാലിയനുകൾ, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്സ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. കൂടാതെ കെ.എ.പി അഞ്ചാം ബറ്റാലിയനിലെ ഹൈ ആൾട്ടിറ്റിയൂഡ് ട്രെയിനിങ് സെൻററിൽ നിന്നുള്ള വിദഗ്ധ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാകും. തിരച്ചിലിന് സഹായിക്കുന്നതിനായി വിവിധ ജില്ലകളിൽ നിന്നുള്ള പോലീസിന്റെ ഡ്രോൺ സംഘങ്ങളെയും വയനാട്ടിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്. മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച രണ്ട് പോലീസ് നായ്ക്കളേയും തിരച്ചിലിനായി ഉപയോഗിക്കുന്നു.
സൈന്യത്തിന്റെ പരിശീലനം ലഭിച്ച നായ്ക്കളെ ലഭ്യമാക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും മറ്റുമുള്ള യന്ത്രസാമഗ്രികളുമായി ബാംഗ്ലൂരിൽ നിന്ന് എത്തുന്ന കരസേനാവിഭാഗങ്ങൾക്ക് തടസ്സം കൂടാതെ എത്തുന്നതിന് ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടവും ഇൻക്വസ്റ്റും നടത്തി ബന്ധുക്കൾക്ക് കൈമാറാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടി വേഗത്തിലാക്കാൻ വയനാട്ടിലുള്ള ഫോറൻസിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറൻസിക് ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ ജനിതക പരിശോധന നടത്തും. ചൂരൽമലയിൽ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും പോളിടെക്നിക്കിൽ താത്ക്കാലിക ആശുപത്രിയും സജ്ജമാക്കി.
ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള നടപടി പൊതുവിതരണ വകുപ്പും സപ്ളൈകോയും സ്വീകരിച്ചിട്ടുണ്ട്. വയനാട് അധികമായി ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കും. മൊബൈൽ മോർച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തും. മലയോര മേഖലയിൽ ഓടാൻ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാൻ നിർദേശം നൽകി.
അപകടം ഉണ്ടായ സ്ഥലം ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലം അല്ല. എന്നാൽ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന മുണ്ടക്കൈ തീവ്ര ദുരന്ത സാധ്യതാ പ്രദേശത്താണ്. ഒഴുകി വന്ന മണ്ണും, ഉരുളും, പാറകളും ഉരുൾപൊട്ടൽ ദുരന്ത സാധ്യത ഇല്ലാത്ത ചൂരൽമല അങ്ങാടി എന്ന പ്രദേശത്താണ് വന്ന് അടിഞ്ഞിട്ടുള്ളത്. അത് പ്രഭവകേന്ദ്രത്തിന്റെ ആറ് കിലോമീറ്റർ അകലെയാണ്. ഈ പ്രദേശം നിരപ്പായ പുഴയുടെ തീരവും വർഷങ്ങളായി ജനവാസം ഉള്ളമേഖലയുമാണ്. എന്നാൽ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം മനുഷ്യവാസം ഉള്ള പ്രദേശം അല്ല. മഴ കനത്തതിനാൽ ആളുകളെ മാറ്റിപാർപ്പിച്ചിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
ഇവിടെ ഓറഞ്ച് അലർട്ട് ആണ് നിലനിന്നിരുന്നത്. 64 മുതൽ 204 വരെ മില്ലിമീറ്റർ മഴ പെയ്യും എന്നായിരുന്നു ഇന്നലെ ഉച്ചക്കുള്ള മുന്നറിയിപ്പ്. എന്നാൽ ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ 200 മില്ലി മീറ്ററും അടുത്ത 24 മണിക്കൂറിനുള്ളിൽ 372 മില്ലിമീറ്റർ മഴയുമാണ് ഈ പ്രദേശത്ത് പെയ്തത്. 48 മണിക്കൂറിനുള്ളിൽ 572 മില്ലിമീറ്റർ മഴയാണ് ആകെ പെയ്തത്.
നാം ഏറെക്കാലമായി ജീവിക്കുന്ന പ്രദേശത്ത് മുമ്പ് അത്തരം അനുഭവങ്ങൾ ഒന്നുമുണ്ടായിട്ടില്ലായിരിക്കാം. എന്നാൽ മാറിയ സാഹചര്യത്തിൽ മുൻ അനുഭവങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ദുരന്തസാധ്യത മുന്നറിയിപ്പുകൾ ഉണ്ടെങ്കിൽ അത് എല്ലാവരും പാലിക്കാൻ തയ്യാറാകണം. ഏറെക്കാലമായി താമസിക്കുന്ന ഇടമാണ്, മാറിനിൽക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന ചിന്ത മാറ്റിവെച്ച് മാറിനിന്നാൽ മാത്രമേ സുരക്ഷിതത്വം ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അവഗണിക്കാതെ കൃത്യമായി പാലിക്കാൻ ഓരോരുത്തരും സന്നദ്ധരാകണം.
ആരോഗ്യ വകുപ്പ്, പോലീസ്, റവന്യൂവകുപ്പ്, താലൂക്ക്തല ഐ.ആർഎസ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, വനം വകുപ്പ് എന്നിവയുടെയെല്ലാം നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.
ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘം പുഴ മുറിച്ച് കടന്ന് മുണ്ടക്കൈ മാർക്കറ്റ് മേഖലയിലെത്തി അവിടെ കുടുങ്ങിക്കിടന്ന പരിക്കേറ്റ മുഴുവനാളുകളെയും രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ജീവൻ നഷ്ടപ്പെട്ടവർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.
വയനാട്ടിൽ 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തൊ ട്ടാകെ 118 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ആകെ 5,531 ആളുകളെ ക്യാമ്പുകളിൽ താമസിപ്പിച്ചിട്ടുണ്ട്.