ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാറിനെയും വിമര്‍ശിക്കുന്ന സ്ഥാപനങ്ങള്‍ക്കു ശ്രേഷ്ഠ പദവി നല്‍കുന്നതിനെതിരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അശോക, കെആര്‍ഇഎ, അസിം പ്രേംജി, ഒ.പി. ജിന്‍ഡാല്‍, ജാമിയ ഹംദാര്‍ദ് എന്നീ സര്‍വകലാശാലകളെക്കുറിച്ചുള്ള ഐബി റിപ്പോര്‍ട്ട് മാനവ വിഭവശേഷി വകുപ്പു മന്ത്രാലയത്തിനു കൈമാറി.
കഴിഞ്ഞ മാസം ഇതു സംബന്ധിച്ച കത്ത് കൈമാറിയതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.അശോക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രതാപ് ഭാനു മേത്ത, ബോര്‍ഡ് ട്രസ്റ്റിയായ ആശിഷ് ധവാന് എന്നിവര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ധവാന് ഫണ്ട് ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണ മാര്‍ഗമായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ധവാന്റെ പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന് എന്ന സ്ഥാപനമാണ് ദി വയറിനു സാമ്പത്തിക സഹായം നല്‍കിയത്. സ്വകാര്യ ഇക്വിറ്റി സംരംഭകനായ ധവാന് ഇന്‍ഡിപെന്‍ഡന്റ് പബ്ലിക്ക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന് ബോര്‍ഡ് അംഗമാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഈ കൂട്ടായ്മ നടത്തുന്നത്. ദി പ്രിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനും ധവാന്റെ സ്ഥാപനം സാന്പത്തിക സഹായം നല്കിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ദി വയറിനു ഫണ്ട് നല്‍കുന്നതിന്റെ പേരിലാണ് അസിം പ്രേംജി സര്‍വകലാശാല വൈസ് ചാന്‍സലറും വിപ്രോയുടെ ചെയര്‍മാനുമായ അസിം പ്രേംജിയുടെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായ്ക്കെതിരായ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമമാണ് ദി വയര്‍. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് കെആര്‍ഇഎ സര്‍വകലാശാലയില്‍ മോദി വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി പറയുന്ന റിപ്പോര്‍ട്ടില്‍, സര്‍വകലാശാലയിലെ ഗവേണിംഗ് കൗണ്‍സില്‍ അംഗമായ അനു അഗയുടെ പേരും ഉള്‍പ്പെട്ടു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഫൗണ്ടേഷന്റെ കീഴിലുള്ള ഇതുവരെ തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനു കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കിയത് വിവാദം സൃഷ്ടിച്ചിരുന്നു.